മരിച്ച് ഒമ്പത് വർഷങ്ങൾക്ക് ശേഷം സ്ഥാപകൻ മുല്ല ഒമറിന്റെ ഖബറിടം താലിബാൻ വെളിപ്പെടുത്തി. സാബുൽ പ്രവിശ്യയിലെ സൂരി ജില്ലയിലെ ഒമർസോയ്ക്ക് സമീപമുള്ള അദ്ദേഹത്തിന്റെ ഖബറിടത്തിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ സംഘടനയുടെ മുതിർന്ന നേതാക്കൾ പങ്കെടുത്തതായി താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. രാജ്യത്തിന് അകത്തും പുറത്തും അദ്ദേഹത്തിന് ധാരാളം ശത്രുക്കൾ ഉണ്ടായിരുന്നു. അതിനാൽ, ഖബറിടം നശിപ്പിക്കാതിരിക്കാനാണ് സ്ഥലം രഹസ്യമാക്കി വച്ചതെന്നും മുജാഹിദ് പറഞ്ഞു. അടുത്ത കുടുംബാംഗങ്ങൾക്ക് മാത്രമാണ് ഈ സ്ഥലത്തെ കുറിച്ച് അറിവുണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖബറിടത്തിൽ നടന്ന ചടങ്ങിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. വെളുത്ത നിറത്തിലുള്ള ഇഷ്ടിക കൊണ്ട് കെട്ടിയ ശവകുടീരത്തിന് ചുറ്റും താലിബാൻ നേതാക്കൾ ഒത്തുകൂടിയ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. പച്ച നിറത്തിലുള്ള കമ്പി കൊമ്പ് ശവകുടീരം മറച്ചിട്ടുണ്ട്. ആളുകൾക്ക് ഇനിമുതൽ ഇവിടെ സന്ദർശിക്കാമെന്നും മുജാഹിദ് അറിയിച്ചു.
2001ൽ അമേരിക്കൻ അധിനിവേശത്തിലൂടെ താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ ശേഷം ഒമറിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചും താമസസ്ഥലത്തെയും ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. 2015 ഏപ്രിൽ മാസത്തിലാണ് രണ്ട് വർഷം മുമ്പ് അദ്ദേഹം മരണപ്പെട്ടുവെന്ന് അവർ സ്ഥിരീകരിച്ചത്. യുഎസ് 20 വർഷത്തെ സൈനിക നടപടി അവസാനിപ്പിച്ചതിനു ശേഷം കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയത്. മരിക്കുമ്പോൾ ഒമറിന് 55 വയസ്സായിരുന്നു പ്രായം. 1993ലാണ് താലിബാൻ എന്ന സംഘടന സ്ഥാപിച്ചത്. സ്ത്രീകൾക്ക് പൊതുസമൂഹത്തിൽ വിലക്കുകൾ ഏർപ്പെടുത്തിക്കൊണ്ടും കഠിനമായ ശിക്ഷകൾ നടപ്പാക്കിയുമായിരുന്നു അദ്ദേഹം സംഘടനയെ മുന്നോട്ടു നയിച്ചിരുന്നത്.
കഴിഞ്ഞ വർഷം അധികാരമേറ്റതിനു പിന്നാലെ, താലിബാൻ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കിയിരുന്നു. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതിരുന്നാൽ ഭർത്താവിനെതിരെയോ പിതാവിനെതിരെയോ ബന്ധുവിനെതിരെയോ നടപടി എടുക്കുമെന്നായിരുന്നു ഭരണകൂടം അറിയിച്ചിരുന്നത്. 1996 മുതൽ 2001 വരെ താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്ത്രീകൾ ഉപയോഗിച്ചിരുന്ന നീല ബുർഖ ഉപയോഗിക്കുന്നതാകും അഭികാമ്യമെന്നും താലിബാൻ അറിയിച്ചിരുന്നു. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുല്ല അഖുൻസാദയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നത്.
പ്രതിരോധ സേനാ തലവനായ അഹമ്മദ് ഷാ മസ്സൂദിന്റെ പഞ്ച്ഷിർ താഴ്വരയിലെ ശവകുടീരം തകർത്തുവെന്ന റിപ്പോർട്ടുകൾ താലിബാൻ അധികൃതർ നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് ഒമറിന്റെ ചടങ്ങുകൾ നടത്തിയിരിക്കുന്നത്. ഒരു സംഘം ആളുകൾ ശവകുടീരം തകർത്തുവെന്നും ഇതിന്റെ വീഡിയോ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും സോഷ്യൽ മീഡിയ ചാനലുകളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
അതേസമയം, പഞ്ച്ഷിർ പ്രവിശ്യയിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മേധാവി നസ്റുല്ല മലക്സാദ ഇതിനെ എതിർക്കുകയാണുണ്ടായത്. ഖബറിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് കാണിക്കുന്ന ഒരു വീഡിയോയും അദ്ദേഹം പുറത്തുവിട്ടിരുന്നു. മാധ്യമപ്രവർത്തകർക്ക് ഖബറിടം സന്ദർശിക്കാനോ ഫോട്ടോ എടുക്കാനോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
