കോഴിക്കോട്: കോഴിക്കോട് പുള്ളാവൂരിൽ ഫുട്‌ബോൾ ആരാധകർ കട്ടൗട്ടുകൾ സ്ഥാപിച്ചതിൽ നടപടിയെടുക്കാൻ കളക്ടറുടെ നിർദേശം. കൊടുവള്ളി നഗരസഭയ്ക്കാണ് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്. കട്ടൗട്ടുകൾ അനധികൃതമായി നിർമ്മിച്ചതാണന്നും ഭീമൻ കട്ടൗട്ടുകൾ പുഴ കയ്യേറിയാണ് സ്ഥാപിച്ചതെന്നും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ അവ തടയുമെന്നുമാരോപിച്ച് അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് ജില്ലാ കളക്ടറുടെ നടപടി.

പുള്ളാവൂർ പുഴയിൽ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ ലോക ശ്രദ്ധ നേടിയിരുന്നു. അന്തർദേശീയ ഫുട്‌ബോൾ ഫെഡറേഷൻ ഉൾപ്പെടെ ഇത് പങ്കു വച്ചിരുന്നു. ‘ഫിഫ ലോകകപ്പ് ജ്വരം ഇന്ത്യയിലെ കേരളത്തിൽ പടർന്നിരിക്കുന്നു’ എന്ന തലവാചകത്തോടെയാണ് ഫിഫ പുള്ളാവൂർ പുഴയിലെ ചിത്രം പങ്കുവെച്ചത്. ടൂർണമെന്റിന് മുൻപ് നെയ്മറുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ലയണൽ മെസ്സിയുടേയും ഭീമൻ കട്ടൗട്ടുകൾ ഉൾനാടൻ ഗ്രാമത്തിൽ ഉയർന്നിരിക്കുന്നതായും ഫിഫ ചൂണ്ടിക്കാട്ടി. കട്ട് ഔട്ടുകൾ കീഴെ പുഴയിൽ ഇറങ്ങി നിന്ന് അർജന്റീന, പോർച്ചുഗൽ, ബ്രസീൽ ആരാധകർ അതാത് രാജ്യങ്ങളുടെ പതാക വീശുന്നതും ഫിഫ ട്വീറ്റ് ചെയ്ത ചിത്രത്തിലുണ്ട്.

ട്വീറ്റ് ഷെയർ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷന് നന്ദി പറഞ്ഞിരുന്നു. കേരളവും മലയാളികളും എക്കാലവും ഫുട്‌ബോളിനെ സ്‌നേഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖത്തർ ലോകകപ്പ് അടുത്തുവരവെ കേരളത്തിലെമ്പാടും അത് കാണാനാകും. കാൽപന്ത് കളിയോടുള്ള തങ്ങളുടെ സമാനതകളില്ലാത്ത വികാരം അംഗീകരിച്ചതിന് നന്ദിയെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് ആദ്യം ഓൺലൈനായി പരാതി നൽകിയത്. വിഷയം പരിശോധിച്ച പഞ്ചായത്ത് കട്ടൗട്ട് ഇരിക്കുന്ന പ്രദേശം തങ്ങളുടെ പരിധിയിൽ അല്ലെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെ ശ്രീജിത്ത് പെരുമന കളക്ടർക്ക് പരാതി നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും കോഴിക്കോട് കളക്ടറേറ്റിലും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി താലൂക്ക് തഹസീൽദാർക്ക് കൈമാറുമെന്ന് കോഴിക്കോട് ജില്ലാ കളക്ടറേറ്റിൽ നിന്നും അറിയിപ്പ് ലഭിച്ചെന്ന് അഭിഭാഷകൻ ശ്രീജിത്ത് പെരുമന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *