പോലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതിന് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാന്‍ അറസ്റ്റില്‍.ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ ജാമിയ നഗറില്‍ യോഗം നടത്തുകയും ഇതു തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റെന്ന് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു.ഡല്‍ഹി ജാമിയ നഗറില്‍ നടന്ന സംഭവത്തില്‍ മിന്‍ഹാസ്, സാബിര്‍ എന്നിങ്ങനെ മറ്റുരണ്ടുപേരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഡല്‍ഹി കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബാ ഖാന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. തയ്യിബ് മസ്ജിദിന് സമീപത്ത് ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ആസിഫ് മുഹമ്മദ് ഖാന്‍, മെഗാഫോണ്‍ ഉപയോഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും അനുമതി വാങ്ങിയിരുന്നില്ല. ആസിഫ് മുഹമ്മദ് ഖാന്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍, അനുമതി വാങ്ങിയിരുന്നോയെന്ന് അന്വേഷിച്ചു. ഇതിനേത്തുടര്‍ന്ന് ആസിഫ് മുഹമ്മദ് ഖാന്‍ പോലീസുദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും തെറിവിളിക്കുകയുമായിരുന്നവെന്നാണ് കേസ്. ഷഹീന്‍ബാഗ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.അതേസമയം, പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ആംആദ്മി പ്രവര്‍ത്തകരുടെ ശ്രമം തടയാനെത്തിയപ്പോള്‍ പൊലീസ് ഇടപെട്ടെന്നാണ് ആസിഫിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *