മഹാസമുദ്രത്തിലെ ഇന്ത്യൻ രത്നമാണ് ലക്ഷദ്വീപ് എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധി. വിവരമില്ലാത്ത മർക്കടമുഷ്ടിക്കാർ അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് ജനതക്കൊപ്പം താൻ എക്കാലവും അടിയുറച്ചുനിൽക്കുമെന്ന് ട്വിറ്ററിൽ രാഹുൽ പ്രഖ്യാപിച്ചു.
ലക്ഷദ്വീപിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
‘ ലക്ഷദ്വീപ് കടലിലെ ഇന്ത്യയുടെ രത്നമാണ്. അധികാരത്തിലിരിക്കുന്ന വിവരമില്ലാത്ത മർക്കടമുഷ്ടിക്കാർ അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുന്നു’ -രാഹുലിന്റെ ട്വീറ്റ് ഇതായിരുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പദവിയിൽനിന്ന് പ്രഫുൽ ഖോദ പട്ടേലിനെ ഉടൻ പുറത്താക്കണമെന്ന് കോൺഗ്രസ് ബുധനാഴ്ച രാവിലെ ആവശ്യമുന്നയിച്ചിരുന്നു. ലക്ഷദ്വീപിന്റെ സമാധാനവും സംസ്കാരവും നശിപ്പിക്കുക മാത്രമല്ല, അന്യായമായ നിയന്ത്രണങ്ങൾ ഏർപെടുത്തി ദ്വീപിലെ ജനസമൂഹത്തെ ‘പീഡിപ്പിക്കുകയും’ ചെയ്യുകയാണ് പേട്ടലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.