സൂറത്ത്: ഗുജറത്തിലെ സർക്കാർ സ്‌കൂൾ ശുചിമുറി വൃത്തിയാക്കി വിദ്യാഭ്യാസ സഹമന്ത്രി പ്രഫുൽ പൻഷെരിയ. സൂറത്തിലെ കാംറെജ് മേഖലയിലെ ദുംഗ്‌ര ഗ്രാമത്തിൽ സർക്കാർ പ്രൈമറി സ്‌കൂളിൽ നടത്തിയ മിന്നൽ സന്ദർശനത്തിനിടെയാണ് മന്ത്രിയുടെ നടപടി. സ്‌കൂളിലെ ശുചിമുറി വൃത്തിഹീനമായി കണ്ടതോടെ അദ്ദേഹം തന്നെ വൃത്തിയാക്കുകയായിരുന്നു. ട്വിറ്ററിൽ അടക്കം ശുചിമുറി വൃത്തിയാക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്ത് അറിയുന്നത്. വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച അന്തരീക്ഷം ഒരുക്കുന്നതിനായി അധ്യാപകർ എന്തുചെയ്യാമെന്നതിന് മാതൃക നൽകുകയായിരുന്നു എന്നാണ് നടപടിയേക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.

അതേസമയം പൊതുജന ശ്രദ്ധ നേടാനുള്ള പ്രഹസനമാണെന്ന വിമർശനവും മന്ത്രിക്കെതിരെ ഉയരുന്നുണ്ട്. വളരെ മോശമായ സാഹചര്യത്തിലായിരുന്നു വിദ്യാലയത്തിലെ ശുചിമുറികൾ എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇക്കാര്യത്തിൽ മന്ത്രി നിരവധി ചർച്ചകൾ നടത്തിയിരുന്നു. ഇതിന് ശേഷവും അവസ്ഥയിൽ മാറ്റമൊന്നും ഇല്ലാതെ വന്നതോടെയാണ് മന്ത്രി തന്നെ ശുചീകരണത്തിന് നേരിട്ടിറങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം.

പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിൽ വെള്ളിയാഴ്ച സന്ദർശനം നടത്തിയ മന്ത്രി അക്കാദമികവും ഭരണപരവുമായ നടപടിക്രമങ്ങൾ നിരീക്ഷിച്ചു. ക്ലാസ് മുറിയിൽ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചിരുന്നു. തുടർന്നാണ് പരിശോധനയ്ക്കിടെ വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയ ശുചിമുറി അദ്ദേഹം വൃത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *