ന്യൂഡൽഹി:’ദ കാരവാൻ’ മാഗസീൻ എക്‌സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ് രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദ കാരവാനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചത്. ഏകദേശം ഒന്നര പതിറ്റാണ്ടോളം നീണ്ട യാത്രക്ക് ശേഷം ഞാൻ ഇന്ന് എന്റെ കാരവാൻ ബൂട്ടുകൾ അഴിക്കുന്നുവെന്നാണ് വിനോദ് കെ ജോസ് ഫേസ്ബുക്കിൽ കുറിച്ചത്.2009ൽ തന്റെ 29-ാമത്തെ വയസ്സിലാണ് വിനോദ് കെ ജോസ് ദ കാരവാന്റെ മാതൃസ്ഥാപനമായ ഡൽഹി പ്രസിൽ ചേരുന്നത്. അമിത് ഷായ്ക്ക് എതിരെയുള്ള വ്യാജ ഏറ്റുമുട്ടൽ കേസ്, കോമൺവെൽത്ത് ഗെയിംസ് അഴിമതി, അദാനിയുടെ കൽക്കരി അഴിമതി, ഹിന്ദുത്വ തീവ്രവാദ ശൃംഖല എന്നീ കേസുകളുടെ വാദം കേട്ടിരുന്ന ജഡ്ജി ലോയയുടെ മരണത്തിന്റെ ദുരൂഹത പുറത്തെത്തിയത് അദ്ദേഹത്തിന്റെ പത്രവാർത്തകളിലൂടെയാണ്. ഇതിനെല്ലാം തന്നെ വിശ്വസിച്ച് കൂടെ നിന്ന കാരവാൻ സ്ഥാപകൻ അനന്ത് നാഥിനോടും അനന്തിന്റെ പിതാവ് പരേഷ് നാഥ്, സഹോദരി റിച്ച ഷാ എന്നിവർക്കും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുകയും ചെയ്തു.
‘2023 എനിക്ക് മാധ്യമപ്രവർത്തനത്തിൽ 25-ാമത്തെ വർഷമാണ്. ഇനിയുള്ള ലക്ഷ്യം തന്റെ ഒരു പുസ്തകം പൂർത്തിയാക്കുകയെന്നുള്ളതാണ്. പതിനൊന്ന് വർഷം മുൻപ് ഞാൻ മോദിയെക്കുറിച്ച് എഴുതിയ പുസ്തകം പൂർത്തിയാക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. ഇതുവരെ പ്രസിദ്ധീകരിക്കാൻ കഴിയാത്ത ചരിത്ര പ്രാധാന്യമർഹിക്കുന്ന പുസ്തകം ഉടൻ പൂർത്തിയാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’ വിനോദ് കെ ജോസ് കൂട്ടിച്ചേർത്തു.
