ഇസ്താംബുൾ: തുർക്കിയിൽ ഭൂകമ്പത്തെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനിടെ രക്ഷപ്പെടുത്തിയ പൊക്കിൾക്കൊടി വിട്ടുമാറാത്ത കുഞ്ഞിന് പേരിട്ടു. അറബിയിൽ ‘അത്ഭുതം’ എന്നർത്ഥം വരുന്ന ‘അയ’ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. കുടുംബത്തെ നഷ്ടപ്പെട്ട കുഞ്ഞിന് പുതിയ കുടുംബവും ലഭിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം കുഞ്ഞിനെ പിതാവിൻ്റെ അമ്മാവൻ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു

കൊച്ചു അയയുടെ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലയി തോതിൽ പ്രചരിച്ചിരുന്നു. തകർന്ന നാല് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാൾ പൊടിയിൽ പൊതിഞ്ഞ ഒരു ചെറിയ കുഞ്ഞിനെ കെട്ടിപ്പിടിച്ച് പുറത്തേക്ക് വരുന്നു. പൂജ്യത്തിന് താഴെയുള്ള താപനിലയിൽ നവജാതശിശുവിനായി ഒരു പുതപ്പും കൊണ്ട് രണ്ടാമത്തെയാൾ കുഞ്ഞിൻ്റെ അടുത്തേക്ക് ഓടുന്നു. മൂന്നാമത്തെയാൾ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാറിനായി നിലവിളിക്കുന്നതുമാണ് വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ.

ഭൂകമ്പത്തിൽ രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിനെ ദത്തെടുക്കാൻ ആയിരക്കണക്കിനാളുകളാണ് സമ്മതം അറിയിച്ചത്. സമീപ പ്രദേശത്തുള്ള അഫ്രീൻ പട്ടണത്തിലുള്ള ആശുപത്രിയിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. അയയുടെ ശരീരത്തിൽ ചതവുകൾ ഉണ്ടായിരുന്നു. തണുപ്പിൽ വിറച്ച് ശ്വസിക്കാനാകുന്നുണ്ടായിരുന്നില്ല. കഠിനമായ തണുപ്പ് കാരണം കുഞ്ഞ് ഹൈപ്പോതെർമിയയുമായാണെത്തിയത്. കുഞ്ഞിന് ചൂട് നൽകി കാൽസ്യം നൽകുമെന്നും ഡോക്ടർ പറഞ്ഞിരുന്നു. കൂടാതെ ആശുപത്രിയിലെ ഒരു ഡോക്ടറുടെ ഭാര്യ തൻ്റെ കുഞ്ഞിന് മുലപ്പാൽ നൽകുന്നതോടൊപ്പം അയയ്ക്കും മുലപ്പാൽ നൽകി. സിറിയൻ പട്ടണമായ ജെൻഡറിസിൽ മരിച്ച അമ്മയോട് പൊക്കിൾക്കൊടി ഘടിപ്പിച്ച നിലയിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഭൂകമ്പത്തിൽ കുഞ്ഞിൻ്റെ അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചു. തിങ്കളാഴ്ച റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അനാഥരായ നിരവധി കുട്ടികളിൽ ഒരാളാണ് അയ.

Leave a Reply

Your email address will not be published. Required fields are marked *