മുംബൈ: 37 കാരിയെ കൊലപ്പെടുത്തിയ കേസില്‍ ലിവ്-ഇന്‍ പങ്കാളി അറസ്റ്റിൽ. സംഭവത്തില്‍ ഹാര്‍ദിക് ഷാ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്രതി വീട്ടിലെ സ്റ്റോറേജ് ഏരിയയില്‍ ഒളിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ മുംബൈലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട യുവതി മുംബൈയില്‍ നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു. ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിലെ വീട്ടുചെലവുകള്‍ വഹിച്ചിരുന്നതും യുവതിയായിരുന്നു. എന്നാല്‍ ഹാര്‍ദിക്ക് തൊഴില്‍ രഹിതനായത് കാരണം ഇവര്‍ക്കിടയില്‍ സ്ഥിരം വഴക്കുകള്‍ ഉണ്ടായിരുന്നുവെന്നും ഇത്തരത്തിലുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം വീട്ടുപകരണങ്ങള്‍ വിറ്റ് ഹാര്‍ദിക് പണവുമായി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ട്രെയിനില്‍ രക്ഷപ്പെടുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളുടെ ലൊക്കേഷന്‍ പിന്തുടര്‍ന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത് മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ കഴിഞ്ഞ ആറ് മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവര്‍ വാടക വീട്ടിലേക്ക് മാറിയത്. ഇവരുടെ പതിവ് വഴക്കിനെക്കുറിച്ച് അയല്‍വാസികളും പരാതിപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു.