ചെന്നൈ: വഴക്കിനെ തുടർന്ന് ഭർത്താവിനെ മദ്യത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തി യുവതി. മറ്റൊരുളുമായി യുവതിക്കുള്ള ബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്നാണ് വഴക്കുണ്ടായത്. ചെന്നൈ മധുരാന്തകം സ്വദേശിനിയായ കവിതയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. എന്നാൽ, ഭർത്താവ് മദ്യം ഒരു സുഹൃത്തിനും കൂടെ നൽകിയിരുന്നു. ഇരുവരും ചൊവ്വാഴ്ച ആശുപത്രിയിൽ വച്ച് മരണപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.

കവിത ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. ഭർത്താവ് കെ സുകുമാർ ഒരു ചിക്കൻ സ്റ്റാളിലാണ് ജോലി ചെയ്തിരുന്നത്. ഒപ്പം ജോലി ചെയ്യുന്ന ഒരാളുമായുള്ള കവിതയുടെ അടുപ്പത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. മൂന്ന് മാസം മുമ്പ് ദമ്പതികൾ അകന്നെങ്കിലും ഇരുവരുടെയും കുടുംബങ്ങൾ എത്തി പ്രശ്നം പരിഹരിച്ചു. എന്നാൽ, ഇതിന് ശേഷവും സഹപ്രവർത്തകനുമായുള്ള ബന്ധം കവിത തുടരുകയായിരുന്നു.

ഇത് വലിയ വഴക്കുകൾക്ക് കാരണമായി. അവസാനം കവിത സുകുമാറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഭർത്താവിൻറെ സഹോദരൻ മണിയുടെ വീട്ടിലെത്തിയ കവിത, സുകുമാർ മദ്യം വാങ്ങാൻ പറഞ്ഞുവെന്ന് വിശ്വസിപ്പിച്ചു. തനിക്ക് മദ്യഷോപ്പിൽ പോകാൻ മടിയായതിനാൽ 400 രൂപ നൽകി മണിയോട് മദ്യം വാങ്ങിത്തരാമോയെന്ന് ചോദിക്കുകയും ചെയ്തു. രണ്ട് കുപ്പികൾ മണി വാങ്ങി വന്നപ്പോൾ ഒരെണ്ണം എടുത്ത ശേഷം ബാക്കി വന്നത് മണിക്ക് തന്നെ കവിത നൽകി.

സിറിഞ്ച് ഉപയോഗിച്ച് കുപ്പിക്കുള്ളിൽ കീടനാശിനി ചേർക്കുകയാണ് കവിത ചെയ്തതെന്ന് പൊലീസ് വിശദീകരിച്ചു. സുകുമാറിന് കൈമാറാനായി സുഹൃത്തിലൊരാൾ നൽകിയതാണെന്ന് പറഞ്ഞാണ് ഞായറാഴ്ച ഭർത്താവിന് മദ്യക്കുപ്പി നൽകിയത്. തിങ്കളാഴ്ച മദ്യക്കുപ്പിയുമായി സുകുമാർ ചിക്കൻ സ്റ്റാളിലേക്ക് പോയി. ഉച്ചയൂണിന് മുമ്പ് ഒരു പെഗ് അടിക്കാനായി സുകുമാർ തയാറെടുക്കുമ്പോൾ ഹരിലാൽ എന്ന സുഹൃത്തും മദ്യം ചോദിച്ചു. ഇരുവരും മദ്യക്കുടിച്ച് അബോധാവസ്ഥയിൽ ആവുകയായിരുന്നു.

ഉടൻ സ്റ്റാളിലെ മറ്റ് തൊഴിലാളികൾ ഇരുവരെയും ചെങ്കൽപ്പേട്ട് ജനറൽ ആശുപത്രിയിലെത്തിച്ചു. ഭാര്യ നൽകിയ മദ്യം കുടിച്ചപ്പോഴാണ് അബോധാവസ്ഥയിലായതെന്ന് സുകുമാർ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. മദ്യം രാസപരിശോധന നടത്തിയപ്പോൾ കീടനാശിനിയുടെ സാന്നിധ്യം വ്യക്തമായി. കവിതയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇവരുടെ സഹപ്രവർത്തകനും കൊലപാതകത്തിൽ ബന്ധപ്പെമുണ്ടെന്ന് പൊലീസ് സംശിയിക്കുന്നുണ്ട്. ഇയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *