ബെംഗളൂരു: വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ നേതാക്കൾ നൽകിയ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്കേറ്റു. ബെംഗളൂരുവിലെ സോമേശ്വര കോളിനിയിലാണ് സംഭവം. നിലവാരം കുറഞ്ഞ കുക്കറുകളാണ് തങ്ങൾക്ക് നൽകിയതെന്നും അതിനാലാണ് തനിക്ക് പരിക്കേറ്റതെന്നും വീട്ടമ്മ ആരോപിച്ചു. ഏഷ്യാനെറ്റ് സുവർണ ന്യൂസ് സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് കുക്കർ അഴിമതിയുടെ ദൃശ്യങ്ങൾ പുറംലോകത്തെത്തിയത്.
സമ്മാനങ്ങൾ നൽകി വോട്ടർമാരെ സ്വാധീനിക്കാനായി രാഷ്ട്രീയ നേതാക്കളും വിവിധ പാർട്ടികളും നടത്തുന്ന ഇടപെടലുകൾ പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ കർണ്ണാടകയിലെ സമ്മാനവും വലിയ വാർത്തയാകുകയാണ്. വീട്ടമ്മമാരുടെ വോട്ട് ലക്ഷ്യം വെച്ച് ആയിരക്കണക്കിന് പ്രഷർ കുക്കറുകളാണ് രാഷ്ട്രീയ നേതാക്കൻമാർ ഓരോ ഫാക്ടറികളിലും ഓർഡർ ചെയ്തിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. 400 മുതൽ 450രൂപ വരെ വിലയുള്ള അഞ്ച് കിലോയുടെ കുക്കറുകളാണ് വീടുകളിലേക്ക് നൽകുന്നത്. ഗുണമേന്മയില്ലാത്ത വില കുറവുള്ള കുക്കറുകൾ വലിയ അപകടം വരുത്തി വെക്കുമെന്നാണ് ബെംഗളൂരുവിലെ സംഭവം വ്യക്തമാക്കുന്നതത്.
പ്രാദേശികമായി നടത്തുന്ന ഫെസ്റ്റിവലുകളുടെ മറിവിലാണ് കുക്കർ സമ്മാനമായി നൽകിയത്. കുക്കർ സമ്മാനമായി നൽകുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഫാക്ടറി ഉടമകളുമായി ചർച്ച നടത്തുന്നതും സ്റ്റിങ് ഓപ്പറേഷനിൽ വീഡിയോയിലുണ്ട്. ഗുണമേന്മ കുറഞ്ഞ, കുക്കറുകളാണ് രാഷ്ട്രീയ നേതാക്കൻമാർ സമ്മാനമായി നൽകുന്നതെന്ന തിരിച്ചറിവ് ജനങ്ങൾക്കു വേണമെന്നാണ് ആക്ഷേപമുയരുന്നത്. അതേസമയം, ഇത്തരം സമ്മാനങ്ങൾ സ്വീകരിക്കുമ്പോൾ ജനങ്ങൾ കൂടുതൽ ബോധവാൻമാരകണമെന്നും വോട്ടവകാശം വിൽക്കാനുള്ളതല്ലെന്ന ബോധ്യം ഉണ്ടാകണമെന്നുമാണ് സാമൂഹ്യപ്രവർത്തകർ പറയുന്നത്. നേരത്തെ ടിവി അടക്കമുള്ള സമ്മാനങ്ങൾ രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ മണ്ഡലത്തിലെ വോട്ടർമാർക്ക് സമ്മാനമായി നൽകിയത് വലിയ വാർത്തയായിരുന്നു.
