പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് വക്താവ് പവൻ ഖേര അറസ്റ്റിൽ.അസം പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദില്ലി വിമാനത്താവളത്തിലെ ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പവൻ ഖേരയെ അറസ്റ്റ് ചെയ്തത്.റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാനായി കോൺഗ്രസ് നേതാക്കൾക്കൊപ്പം ദില്ലി വിമാനത്താവളത്തിൽ എത്തിയതായിരുന്നു പവൻ ഖേര.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ പവൻ ഖേരയ്ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാധാരം. നരേന്ദ്ര ദാമോദർദാസ് മോദി എന്നതിനു പകരം നരേന്ദ്ര ഗൗതംദാസ് എന്നാണു ഖേര പറഞ്ഞത്. പ്രധാനമന്ത്രിയുടെ പേരിൽ ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് സമീപം ഇരുന്നയാളോട് ഖേര ചോദിച്ചു.ദാമോദർദാസ് ആണെന്ന് മറുപടി ലഭിച്ചു. പേരിൽ ദാമോദർദാസ് ആണെങ്കിലും പ്രവൃത്തി ഗൗതംദാസിന്റേതാണെന്ന് േഖര പറഞ്ഞു. പരാമർശം ആക്ഷേപകരമാണെന്നു കാട്ടി ലക്നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ് റജിസ്റ്റർ ചെയ്തത്.
പവൻ ഖേരയ്ക്ക് എതിരായ നടപടിയിൽ അൻപതോളം കോൺഗ്രസ് നേതാക്കൾ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണ്. മറ്റു നേതാക്കളെല്ലാം വിമാനത്തിൽ കയറിക്കഴിഞ്ഞ ശേഷമാണു ഖേരയെ പുറത്തിറക്കിയത് എന്നാണു റിപ്പോർട്ട്. കാരണമില്ലാതെയാണു ഖേരയ്ക്കെതിരെ നടപടിയെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
