രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി.ഭാരത് ജോഡോ യാത്ര പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ നിര്‍ണായക വഴിത്തിരിവാണെന്നും ഈ യാത്രയോടെ തന്റെ ഇന്നിങ്സ് അവസാനിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സോണിയ പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലീനറി യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സോണിയയുടെ പ്രതികരണം.
‘‘ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ 2004ലും 2009ലും നമുക്ക് വിജയിക്കാനായത് എനിക്ക് വ്യക്തിപരമായി തൃപ്തി തന്ന അനുഭവമാണ്. കോൺഗ്രസിന്റെ വളർച്ചയിലെ വഴിത്തിരിവായ ഭാരത് ജോഡോ യാത്രയോടൊപ്പം എന്റെ ഇന്നിങ്സും അവസാനിച്ചേക്കും. കോൺഗ്രസിനും രാജ്യത്തിനു മുഴുവനും വളരെയധികം വെല്ലുവിളിയേറിയ കാലഘട്ടമാണിത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും വെട്ടിപ്പിടിക്കുകയും വഴിമാറ്റുകയും ചെയ്തു. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക നാശം ഉണ്ടാക്കി’’ – അവർ വ്യക്തമാക്കി.പാര്‍ട്ടി ഇന്നുനേരിടുന്ന സാഹചര്യം താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് പറഞ്ഞ സോണിയ നിര്‍ണായക സമയത്ത് ഓരോരുത്തരും പാര്‍ട്ടിയോടും രാജ്യത്തോടും പ്രത്യേക ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *