ലിവിംഗ് ടുഗെദർ റിലേഷൻഷിപ്പിന് രജിസ്‌ട്രേഷൻ സംവിധാനം വേണമെന്ന ഹർജി ശുദ്ധ മണ്ടത്തരമാണെന്ന് സുപ്രീംകോടതി. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ മമത റാണി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളി. ഇത്തരം ബന്ധങ്ങള്‍ക്ക് ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത് തികച്ചും അസംബന്ധമായ കാര്യമാണെന്നും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ലിവ് ഇന്‍ റിലേഷന്‍ എന്ന സംവിധാനം ഇല്ലാതാക്കാനാണോ ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്ന ചോദ്യവും ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ച് ഉന്നയിച്ചു.

എന്ത് ആവശ്യമായും സുപ്രീംകോടതിയെ സമീപിക്കാം എന്നാണോ ഹർജിക്കാർ ഉദ്ദേശിക്കുന്നതെന്നും ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കുമെന്നും എന്ന മുന്നറിയിപ്പും കോടതി നൽകി.

ആളുകള്‍ ലിവ് ഇന്‍ റിലേഷനില്‍ ജീവിക്കുന്നതില്‍ എന്താണ് തെറ്റ്?, അവര്‍ക്ക് സുരക്ഷയൊരുക്കാന്‍ ശ്രമിക്കുകയാണോ?, അതോ ഈ സംവിധാനം തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണോ നടത്തുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.

ലിവിംഗ് ടുഗദെര്‍ ബന്ധങ്ങളിലെ പങ്കാളിയാല്‍ സ്ത്രീകള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഡല്‍ഹിയിലെ ശ്രദ്ധാ വാല്‍ക്കറിന്റെ കൊലപാതകമുള്‍പ്പെടെ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *