ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ലഹരി മരുന്ന് കേസിൽ കുടുക്കിയ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ വരുമാനത്തിൽ കവിഞ്ഞ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെന്നും കുടുംബവുമൊത്ത് പലവട്ടം വിദേശ യാത്ര നടത്തിയെന്നും എൻസിബിയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ പറയുന്നു. നിലവിൽ, മകനെ ലഹരി കേസിൽ നിന്ന് ഒഴിവാക്കാൻ ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ സിബിഐ അന്വേഷണം നേരിടുകയാണ് വാങ്കഡെ.

എഫ് ഐ ആറിൽ ആര്യൻ ഖാൻ, സുഹൃത്ത് അർബാസ് മർച്ചന്റ് എന്നിവരുടെ പേറി അവസാന നിമിഷം എഴുതി ചേർത്തെന്നും മറ്റു ചിലരുടെ പേരുകൾ ഒഴിവാക്കിയെന്നും എന്‍സിബിയുടെ വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് കൂടാതെ, എൻസിബി ഓഫിസിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചു. എൻസിബി മുംബൈ ടീം സമർപ്പിച്ച ഡിവിആർ, ആര്യൻ ഖാനെ എൻസിബി ഓഫിസിൽ കൊണ്ടുവന്ന രാത്രിയിലെ ഹാർഡ് കോപ്പി എന്നിവയിൽ വ്യത്യാസമുണ്ട്.

2017 -2021 ൽ അഞ്ചു വർഷത്തിനിടെ കുടുംബവുമൊത്ത് സമീർ ആര് വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്,. യുകെ, അയർലൻഡ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, മാലദ്വീപ് എന്നിവിടങ്ങളിലായി ആകെ 55 ദിവസമാണ് വാങ്കഡെ ചെലവഴിച്ചത്. എന്നാൽ ആകെ 8.75 ലക്ഷം മാത്രമേ ചെലവു വന്നുള്ളൂ എന്നാണ് വാങ്കഡെയുടെ വാദം. എന്നാൽ വിമാനയാത്രയ്ക്കുതന്നെ ഇത്രയും ചെലവു വരുമെന്നു കണക്കാക്കപ്പെടുന്നു. സമീര്‍ വാങ്കഡെ ദുബായ് സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സമീര്‍ ഇതു നിഷേധിച്ചു.

കൂടാതെ, ഇപ്പോൾ പുറത്തു വരുന്ന വിവരമനുസരിച്ച് വില കൂടിയ നിരവധി വാച്ചുകൾ ഉൾപ്പെടെ സമീർ വാങ്കഡെയ്ക്ക് വരുമാനത്തിന് അനുസൃതമല്ലാത്ത സമ്പത്തുണ്ട്. 22 ലക്ഷം രൂപ വില വരുന്ന റോളക്സ് വാച്ചും ഈ ശേഖരത്തിൽപ്പെടും. മുംബൈയിൽ നാലു ഫ്ലാറ്റുകളുള്ള വാങ്കഡെയ്ക്ക് വാഷിമിൽ 41,688 ഏക്കർ നിലവുമുണ്ട്. ഗൊരേഗാവിൽ അഞ്ചാമത്തെ ഫ്ലാറ്റിനായി 82.8 ലക്ഷം ചെലവിട്ടുവെന്ന് വാങ്കഡെ പറയുകയും ചെയ്തു. ഈ ഫ്ലാറ്റിന്റെ വില 2.45 കോടി രൂപയാണ്. വിവാഹത്തിനു മുൻപ് ഭാര്യയും വാങ്കഡെയും ചേർന്ന് 1.25 കോടി രൂപയ്ക്ക് ഒരു ഫ്ലാറ്റ് വാങ്ങിയ കാര്യവും റിപ്പോർട്ടിലുണ്ട്. ഈ പണത്തിന്റെ ഉറവിടം ദുരൂഹമായി തുടരുകയാണ്. വാങ്കഡെയുടെയും ഭാര്യയുടെയും വാർഷിക വരുമാനം 45,61,460 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *