തിരുവനന്തപുരം∙ വെള്ളായണി കാർഷിക കോളജിലെ വനിതാ ഹോസ്റ്റലിൽ ഒരേ മുറിയില്‍ താമസിച്ചിരുന്ന സഹപാഠിയുടെ മുഖത്ത് ചൂട് തക്കാളിക്കറി ഒഴിച്ചതായി പരാതി. സംഭവത്തിൽ ആന്ധ്ര സ്വദേശിയായ വിദ്യാർഥിനി ലോഹിതയെ (22) ജാമ്യമില്ലാത്ത വകുപ്പുകൾ അനുസരിച്ച് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. സാരമായി പൊള്ളലേറ്റ ആന്ധ്ര സ്വദേശിനിയായ സീലം ദീപിക ചികിൽസയിലാണ്. വാക്കു തർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്.

ഈ മാസം 18നാണ് മർദനം നടന്നത്. പൊള്ളലേറ്റ ദീപിക നാട്ടിലേക്കു മടങ്ങി ചികിൽസ തേടുകയും പൊള്ളലേറ്റ ഫോട്ടോകൾ കോളജിലേക്ക് അയയ്ക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടക്കത്തിൽ പരാതി നൽകാൻ തയാറാകാത്ത ദീപിക ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് അവർക്കൊപ്പം കോളജിലെത്തി പരാതി നൽകിയത്. കോളജ് അധികൃതർ പൊലീസിൽ വിവരം അറിയിച്ചു.

ഹോസ്റ്റലിലെ റൂമിൽവച്ച് ദീപികയുടെ മൊബൈൽഫോൺ പിടിച്ചു വാങ്ങിയ ലോഹിത തലയുടെ പലഭാഗത്തും ഫോൺ മുറുക്കിപിടിച്ച് ഇടിച്ചതായി എഫ്ഐആറിൽ പറയുന്നു. ദീപികയെ ബലമായി കസേരയിൽ പിടിച്ചിരുത്തി കൈകൾ ഷാൾ ഉപയോഗിച്ച് കെട്ടി. തക്കാളിക്കറി ഉണ്ടാക്കിവച്ചിരുന്ന പാത്രം കറിയോടെ എടുത്ത് മുഖത്ത് വയ്ക്കാൻ നോക്കി. തല വെട്ടിച്ചപ്പോൾ കറി ശരീരത്തിന്റെ പലഭാഗത്തും വീണ് ദീപികയ്ക്ക് പൊള്ളലേറ്റു. ലോഹിത ദീപികയുടെ വലത് കൈത്തണ്ടയിൽ പൊള്ളലേൽപ്പിച്ചു.

കോളജ് നടത്തിയ അന്വേഷണത്തിൽ പ്രതി ലോഹിതയെ കൂടാതെ മലയാളി സഹപാഠി ജിൻസി, ആന്ധ്രയില്‍നിന്നുള്ള മറ്റൊരു സഹപാഠി നിഖിൽ എന്നിവരെ സസ്പെൻഡ് ചെയ്തു. കാര്യങ്ങൾ അറിഞ്ഞിട്ടും അധികൃതരോട് പറയാത്തതിനാണ് സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *