കമ്പം: ഇടുക്കിയെ വിറപ്പിച്ച അരീക്കൊമ്പൻ തമിഴ് നാടിന് തലവേദനയാകുന്നു. കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്.ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് റെഡ്ഡി വ്യക്തമാക്കി.

തൽക്കാലം മയക്കുവെടി വച്ച് ഉൾവനത്തിലേക്ക് നീക്കാനാണ് തീരുമാനം. മയക്കുവെടി വയ്ക്കുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു.കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പു നല്‍കി.തോക്കുമായി പൊലീസുകാര്‍ രംഗത്തെത്തി. അതേസമയം സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി നൽകി.

ആകാശത്തേക്കു വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണു പൊലീസ് ശ്രമിക്കുന്നത്. അതേസമയം കേരളത്തിന്റെ ഭാഗത്തേക്കു നീങ്ങിയ ആന തിരിഞ്ഞ് വീണ്ടും കമ്പം ഭാഗത്തേക്കു തന്നെ പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്നു രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ വൻതോതിൽ ഭീതി സൃഷ്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഓട്ടോറിക്ഷ ഉൾപ്പെടെ തകർത്ത ആന, ആളുകളെ വിരട്ടിയോടിച്ചു. ടൗണിലെ പ്രധാന റോഡുകളിലൊന്നിലൂടെ ആളുകളെ ഓടിക്കുന്ന അരിക്കൊമ്പന്റെ ദൃശ്യം പുറത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *