ലക്നൗ ∙ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാനുള്ള സൂത്രവാക്യം വെളിപ്പെടുത്തി സമാജ്‍‌‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്. ‘പിഡിഎ’ എന്നതാണു അഖിലേഷിന്റെ ഫോർമുല. പിച്ച്‌ലെ (പിന്നാക്കക്കാർ), ദലിത്, അൽപാസൻക്യാക് (ന്യൂനപക്ഷങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണു പിഡിഎ.

കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയെ പിഡിഎയ്ക്കു തോൽപ്പിക്കാനാകുമെന്നു ദേശീയ മാധ്യമത്തിന്റെ പരിപാടിയിലാണ് അഖിലേഷ് അഭിപ്രായപ്പെട്ടത്. വിശാല പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഉത്തർപ്രദേശിലെ എൺപതിടത്തും തോൽപ്പിക്കുക, ബിജെപിയെ ഒഴിവാക്കുക’ എന്നതാണു തന്റെ ഏക മുദ്രാവാക്യമെന്നും അഖിലേഷ് വ്യക്തമാക്കി.

‘‘വലിയ ദേശീയ പാർട്ടികൾ ഞങ്ങളെ പിന്തുണയ്ക്കുകയാണെങ്കിൽ, ഉത്തർപ്രദേശിലെ 80 ലോക്സഭാ മണ്ഡലങ്ങളിലും ബിജെപിയെ തോൽപ്പിക്കാനാകും. പ്രതിപക്ഷ സഖ്യം രൂപീകരിക്കുമ്പോൾ, ഓരോ സംസ്ഥാനത്തെയും ശക്തിയും സ്വാധീനവും അനുസരിച്ച് പാർട്ടികൾക്കു സീറ്റ് വിഭജിച്ചു നൽകണമെന്നതു മനസ്സിലുണ്ടാകണം. സമാജ്‌വാദി പാർട്ടി സഖ്യത്തിലേർപ്പെടുമ്പോൾ സീറ്റിന്റെ പേരിൽ തർക്കമുണ്ടായെന്നതു കേട്ടിട്ടുണ്ടോ?’’– അഖിലേഷ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *