ബെംഗളൂരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കര്‍ണാടക മുന്‍ മന്ത്രി ടി ജോണിന്റെ ബംഗളൂരു ഇന്ദിര നഗര്‍ കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദ്ദേഹത്തിന് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഉമ്മന്‍ചാണ്ടിയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ അനുസ്മരിച്ചു. കേരളത്തിലെ പാര്‍ട്ടിയുടെ ആത്മാവായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും തികച്ചും ജനകീയനായിരുന്ന നേതാവായിരുന്നുവെന്നും രാഹുല്‍ഗാന്ധിയും അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.

വിമാന മാര്‍ഗം ബംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കൊണ്ടു വരും. കെപിസിസി ആസ്ഥാനത്തും ദര്‍ബാര്‍ ഹാളിലും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും പൊതു ദര്‍ശനമുണ്ടാകും. അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോള്‍ സ്ഥിരമായി പോകാറുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് ഇന്ദിരാ ഭവനിലെത്തിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലെത്തിക്കും.

ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിനുവെച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍വെച്ച് സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.
ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്നു ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *