താൻ ചാര വനിതയല്ലെന്ന് ആവർത്തിച്ച് കാമുകനൊപ്പം കഴിയാൻ നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താൻ യുവതി സീമ ഹൈദർ. തന്നെ പാകിസ്താനിലേക്ക് തിരിച്ചയക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യർഥിക്കുന്നതായി സീമ ഹൈദർ പറഞ്ഞു.
ഓൺലൈൻ ഗെയിമിംഗ് ആപ്പിലൂടെ പ്രണയിച്ച കാമുകൻ ഗ്രേറ്റർ നോയിഡ സ്വദേശി സച്ചിനൊപ്പം ജീവിക്കാൻ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലെത്തിയ പാക് യുവതി സീമ ഹൈദർ തുടക്കമിട്ട ദുരൂഹതയും വിവാദങ്ങളും ഇതുവരെ അവസാനിച്ചിട്ടില്ല. യുവതി പാക് ചാരയാണെന്നും പിന്നിൽ ഐഎസിന്റെ ഗൂഢാലോചനയുണ്ടെന്നും വിവിധ കോണുകളിൽ നിന്ന് ആക്ഷേപമുണ്ട്. ഇവരെ തിരിച്ചയച്ചില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന ഹിന്ദു സംഘടനകളുടെ ഭീഷണി മറുവശത്ത്.
രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് അതിസമർത്ഥമായി ഇന്ത്യയിൽ പ്രവേശിച്ച പാകിസ്താൻ യുവതിയെ കുറിച്ച് യുപി തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്. അതിനിടെ, സീമയുടെ സഹോദരനും അമ്മാവനും പാകിസ്താൻ സൈന്യത്തിൽ ഉന്നത പദവികൾ വഹിക്കുന്നവരാണെന്ന് ആദ്യ ഭർത്താവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ ഊഹാപോഹങ്ങൾക്കിടയിലാണ് നിലപാട് അവർത്തിച്ചുകൊണ്ടുള്ള പാക് യുവതിയുടെ അഭ്യർത്ഥന.
താൻ ചാര വനിതയല്ലെന്നും സത്യം പുറത്തുവരുമെന്നുമാണ് സീമ പറയുന്നത്. ഇന്ത്യയിലേക്ക് പോകുകയാണെന്ന് പാകിസ്താനിലുള്ള ആരെങ്കിലും അറിഞ്ഞിരുന്നെങ്കിൽ അവർ തന്നെ കൊല്ലുമായിരുന്നു. ‘എന്നെ തിരിച്ചയക്കരുതെന്ന് മോദിജിയോടും യോഗിയോടും അഭ്യർത്ഥിക്കുന്നു’- ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സീമ ഹൈദർ പറഞ്ഞു.