ന്യൂഡൽഹി: ഭരണഘടനയുടെ അടിസ്ഥാനഘടനാസിദ്ധാന്തം സംവാദാത്മകമാണെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതുകൊണ്ട് ഡൽഹി ബിൽ ചർച്ചചെയ്യുന്നത് പാർലമെന്റിനെ തടസ്സപ്പെടുത്തുന്നില്ലെന്നും രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ഡൽഹി ഓർഡിനൻസ് ബില്ലിന്റെ ചർച്ചയ്ക്കിടയിലാണ് നാമനിർദേശം ചെയ്യപ്പെട്ട അംഗമായ ഗൊഗോയിയുടെ വിവാദപരാമർശം.ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചു.

ഓർഡിനൻസ് സാധുവാണോ എന്നതും ഭരണഘടനാ ബെഞ്ചിനുവിട്ട രണ്ടു ചോദ്യങ്ങളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതെന്ന് ഡൽഹി ബിൽ ചർച്ചയിൽ ഗൊഗോയി പറഞ്ഞു. അതിന് ഈ സഭയിൽ ചർച്ചചെയ്യുന്ന ബില്ലുമായി ഒരു ബന്ധവുമില്ലെന്നും പാർലമെന്റിൽ പരിപൂർണ ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചട്ടം 239/3 ബി ഉദ്ധരിച്ച ഗൊഗോയി ക്രമസമാധാനം, പോലീസ്, ഡൽഹിയിലെ ഭൂമി എന്നിവയിൽ സംസ്ഥാനവിഷയങ്ങൾക്കപ്പുറം നിയമങ്ങൾ നിർമിക്കാൻ പാർലമെന്റിന് അധികാരമുണ്ടെന്ന് പറഞ്ഞു. അതിനാൽ കേന്ദ്രസർക്കാർ അതിരുകടക്കുന്നില്ല. ബിൽ മൗലികാവകാശങ്ങളെയോ ഭരണഘടനയുടെ അടിസ്ഥാനഘടനയെയോ തടസ്സപ്പെടുത്തുന്നില്ല.

പ്രതിപക്ഷ അംഗങ്ങൾ ഉയർത്തിയ പ്രതിഷേധത്തെത്തുടർന്ന് ഗൊഗോയിയുടെ പ്രസംഗം അല്പനേരം തടസ്സപ്പെട്ടെങ്കിലും അമിത് ഷാ അടക്കമുള്ള ഭരണകക്ഷി അംഗങ്ങൾ കൈയടിച്ച് അനുമോദിച്ചു. സഹപ്രവർത്തകയിൽനിന്ന് ആരോപണം നേരിട്ടിട്ടുള്ള ഗൊഗോയിയുടെ കന്നിപ്രസംഗം വനിതാ അംഗങ്ങളായ ജയാ ബച്ചൻ (എസ്.പി.), പ്രിയങ്കാ ചതുർവേദി (ശിവസേന-ഉദ്ധവ്), വന്ദനാ ചവാൻ (എൻ.സി.പി.), സുഷ്മിതാ ദേവ് (തൃണമൂൽ കോൺഗ്രസ്) എന്നിവർ ബഹിഷ്‌കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *