പാഠ്യപദ്ധതിപരിഷ്‌കരണ കമ്മിറ്റിയില്‍ 19 അംഗങ്ങളെ നിയമിച്ച് എൻസിഇആർടി.മൂന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്കരിക്കും. പാഠപുസ്തക പരിഷ്കരണ സമിതിയിൽ ഗായകൻ ശങ്കര്‍ മഹാദേവനേയും സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്റ് പ്ലാനിങ് ഇന്‍ അഡ്മിനിസ്‌ട്രേഷന്‍ ചാന്‍സലര്‍ മഹേഷ് ചന്ദ്ര പന്ത് ആണ് സമിതി ചെയര്‍മാന്‍.നാഷണൽ സിലബസ് ആൻഡ് ടീച്ചിങ് ലേണിങ് മെറ്റീരിയൽ (എൻഎസ്ടിസി) എന്നാണ് സമിതിയുടെ പേര്. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിത പ്രൊഫസര്‍ മഞ്ജുള്‍ ഭാര്‍ഗവാണ് സമിതിയുടെ സഹ അധ്യക്ഷന്‍. ദേശീയ വിദ്യാഭ്യാസനയം അടിസ്ഥാനമാക്കി കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സ്റ്റിയറിങ് കമ്മിറ്റി വികസിപ്പിച്ച സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരടിനെ അടിസ്ഥാനമാക്കിയാകും സമിതിയുടെ പ്രവർത്തനം.

ചട്ടക്കൂടിന്റെ കരട് ഏപ്രിലിൽ പുറത്തിറക്കിയിരുന്നു. 2005ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലെ പാഠപുസ്തകങ്ങൾ.മൂന്നു മുതല്‍ 12 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങള്‍ കൊണ്ടുവരുമെന്ന് എന്‍സിഇആര്‍ടി പ്രഖ്യാപിച്ചിരുന്നു. പാഠപുസ്തകങ്ങളില്‍ നിന്നും മാസങ്ങള്‍ക്ക് മുമ്പ് എന്‍സിഇആര്‍ടി ചില ഭാഗങ്ങള്‍ ഒഴിവാക്കിയത് വിവാദമായിരുന്നു.

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് പിരിയോഡിക് ടേബിള്‍, ജനാധിപത്യത്തിലെ വെല്ലുവിളികള്‍, ഊര്‍ജ്ജ സ്രോതസ്സുകള്‍ തുടങ്ങിയ ഭാഗങ്ങളാണ് ഒഴിവാക്കിയത്. പ്രധാന പോരാട്ടങ്ങളും മുന്നേറ്റങ്ങളും, രാഷ്ട്രീയപ്പാര്‍ട്ടികള്‍ തുടങ്ങിയ ഭാഗങ്ങളും ഒഴിവാക്കി. ഗാന്ധി വധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം എന്നിവയും ഒഴിവാക്കപ്പെട്ടു. നേരത്തേ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *