തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍പ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ഇനി പരോളില്ല. സാധാരണ പരോളോ അടിയന്തര പരോളോ അനുവദിക്കേണ്ടെന്ന് തീരുമാനിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട് ജയിലിലായശേഷം പരോളിലിറങ്ങി വീണ്ടും അതേ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെന്ന കണ്ടെത്തലുകളെത്തുടര്‍ന്നാണ് ജയില്‍ച്ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ നിയന്ത്രണാതീതമായ വര്‍ധനയ്ക്കു കാരണം നിലവിലെ ശിക്ഷാനടപടികളുടെ അപര്യാപ്തതയാണെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷാകാലയളവ് അവസാനിക്കുംവരെ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ച് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത്.

മുമ്പും മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് സാധാരണ പരോളും അടിയന്തര പരോളും അനുവദിച്ചിരുന്നില്ല. തടവുകാരില്‍ ചിലര്‍ കോടതിയെ സമീപിച്ചതോടെയാണ് ഇത്തരക്കാര്‍ക്കും സാധാരണ അവധിയും അടിയന്തര അവധിയും അനുവദിച്ചുതുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *