ചന്ദ്രനിൽ വിക്രം ലാൻഡർ കാൽ കുത്തിയ ഇടം ഇനി ശിവശക്തി എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവശക്തി പോയന്റ്‌ ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമാണ്‌. അസാധാരണ നേട്ടമാണ് കൈവരിച്ചത്. ബഹിരാകാശത്ത് ഭാരതത്തിന്റെ ശംഖുനാദം മുഴങ്ങിയിരിക്കുന്നു. ശാസ്ത്രജ്ഞർ രാജ്യത്തെ ഉയരത്തിൽ എത്തിച്ചെന്നും മോദി പറഞ്ഞു.ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ഇസ്ട്രാക്ക് സെന്ററിലെത്തിയതായിരുന്നു അദ്ദേഹം. തന്റെ ദ്വിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ബെം​ഗളൂരുവിൽ എത്തിയത്.
എല്ലാ ഓഗസ്റ്റ് 23 ഇനി മുതൽ നാഷണൽ സ്‌പേസ് ഡേ ആയി ആഘോഷിക്കും. ചന്ദ്രയാൻ 3 ചന്ദ്രനിൽ സ്പർശിച്ച അഭിമാനകരമായ നിമിഷം താൻ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങൾക്ക് ഒപ്പമായിരുന്നു. ഈ നിമിഷം നിങ്ങളുടെ ഒപ്പം എത്താൻ കഴിഞ്ഞതിൽ സന്തോഷം. വിദേശ സന്ദർശനം പൂർത്തിയായാലുടൻ നിങ്ങളെ വന്ന് കാണാനാണ് ആഗ്രഹിച്ചതെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് പറഞ്ഞു.ശനിയാഴ്ച രാവിലെ ഇസ്ട്രാക്കിലെത്തിയ അദ്ദേഹത്തെ ഐ.എസ്.ആർ.ഓ ചെയർമാൻ എസ്. സോമനാഥ് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. റോവറിന്റെ പ്രവർത്തനം മോദിക്ക് മുന്നിൽ ഗ്രാഫിക്‌സിലൂടെ വിശദീകരിച്ച ശാസ്ത്രജ്ഞർ ലാൻഡറിന്റെ നിഴൽ ചന്ദ്രോപരിതലത്തിൽ പതിഞ്ഞ ചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *