കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻമന്ത്രിയും സി.പി.എം. നേതാവുമായ എ.സി. മൊയ്തീന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) നോട്ടീസ്.തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ന് ഹാജരാകാനായിരുന്നു മൊയ്തീന് ഇഡി നിർദ്ദേശം നൽകിയിരുന്നത്.എന്നാൽ അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കി.ഈ മാസം 22-ന് എ.സി.മൊയ്തീന്റെ തൃശ്ശൂരിലെ വീട്ടിൽ ഇ.ഡി. 22 മണിക്കൂർ നീണ്ട റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് വിശദമായ ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഇതിനു മറുപടിയായാണ് എ.സി. മൊയ്തീൻ സമയം നീട്ടി ചോദിച്ചത്.
ബാങ്കിലെ കോടികൾ വരുന്ന നിക്ഷേപങ്ങൾ 2016-2018 കാലത്ത് അനധികൃത വായ്പ നൽകി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി. മൊയ്തീൻ ഇതിനു കൂട്ടുനിന്നെന്നും ആരോപണമുണ്ട്.
