ജൂലൈ 31 നകം ‘വൺ നേഷൻ, വൺ റേഷൻ കാർഡ്’ പദ്ധതി നടപ്പാക്കാൻ സുപ്രീം കോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. അതേസമയം, കോവിഡ് -19 സാഹചര്യം നിലനിൽക്കുന്നതുവരെ കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ
റേഷൻ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നിര്‍ദേശം. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് പാലിക്കാത്ത സംസ്ഥാനങ്ങള്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി് ആറിന നിര്‍ദേശങ്ങളാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.
കുടിയേറ്റ തൊഴിലാളികളുടെ വിവരശേഖരണത്തിനായി രൂപം നല്‍കിയ ദേശീയ പോര്‍ട്ടലില്‍ ജൂലൈ 31നകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണം.
സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കണം.
ഭക്ഷ്യധാന്യത്തിന്റെ ലഭ്യത കുറവ് കണ്ടെത്തിയാല്‍ ക്വാട്ട വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
കുടിയേറ്റ തൊഴിലാളികള്‍ പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ സമൂഹ അടുക്കള സ്ഥാപിക്കണം.
കോവിഡ് പ്രതിസന്ധി തീരുന്നത് വരെ സമൂഹ അടുക്കള വഴിയുള്ള ഭക്ഷ്യവിതരണം തുടരണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.