തുടര്‍ച്ചയായ മൂന്നാം ദിവസവും ജമ്മു കശ്മീരിൽ ഡ്രോൺ കണ്ടെത്തി. ഇതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ജമ്മുവിലെ സുഞ്ച്വാൻ സൈനിക ക്യാമ്പിന് സമീപമാണ് ഇത്തരത്തിൽ ഡ്രോൺ കണ്ടെത്തിയത്.
പുലര്‍ച്ചെ 2.30 ഓടെ കുഞ്ച്വാനി, സുഞ്ച്വാൻ കലുചക് എന്നീ പ്രദേശത്താണ് സൈന്യം ശ്രദ്ധിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇത്തരത്തിൽ ഡ്രോണുകള്‍ കണ്ടെത്തിയത്. ജമ്മുവിൽ നിന്നും ഒരു ഡ്രോൺ കണ്ടെത്തിയതിന് പിന്നാലെയാണ് വീണ്ടും ഇത്തരത്തിൽ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.തീവ്രവാദത്തിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നത് രാജ്യങ്ങള്‍ ഗൗരവമായി കാണേണ്ടതുണ്ടെന്ന് യുഎന്നില്‍ ഇന്ത്യ ഉന്നയിച്ചു.
രാജ്യത്തെ തന്ത്രപരമായ സ്ഥലങ്ങള്‍ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് ലോകം ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ ആഭ്യന്തര വകുപ്പിന്റെ പ്രത്യേക സെക്രട്ടറി പറഞ്ഞു. പൊതുസഭയില്‍ അംഗരാജ്യങ്ങളുടെ തീവ്രവാദ വിരുദ്ധ ഏജന്‍സികളുടെ തലവന്റെ രണ്ടാം ഉന്നതതല സമ്മേളനത്തിലാണ് വി എസ് കെ കൗമുദി ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മു വിമാനത്താവളത്തിലെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്താവളത്തിലേയ്ക്ക് ഡ്രോണുകള്‍ വഴി സ്ഫോടകവസ്തുക്കള്‍ വര്‍ഷിച്ചതിനെ തുടര്‍ന്ന് ഇന്ത്യ യുഎന്നില്‍ ആശങ്ക അറിയിച്ചു. ആക്രമണത്തിനു ശേഷവും ജമ്മു നഗരത്തിലും വ്യോമസേനാ പരിസരത്തും ഡ്രോണുകള്‍ ഒന്നിലധികം തവണ കണ്ടെത്തിയതായും ഇന്ത്യ യുഎന്‍ പൊതുസഭയെ അറിയിച്ചു.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണത്തിനും ചാവേറുകളെ നിയോഗിക്കാനും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ദുരുപയോഗപ്പെടുത്തുന്നതായി ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക സെക്രട്ടറി വി എസ് കെ കൗമുദി പറഞ്ഞു. പുതിയ പേയ്മെന്റ് രീതികളുടെ ദുരുപയോഗം, തീവ്രവാദത്തിന് ധനസഹായം നേടുന്നതിനുള്ള ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകള്‍, തീവ്രവാദ ആവശ്യങ്ങള്‍ക്കായി ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ ദുരുപയോഗം തുടങ്ങിയവ തീവ്രവാദത്തിന്റെ ഏറ്റവും ഗുരുതരമായ ഭീഷണിയായി ഉയര്‍ന്നുവന്നിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
കുറഞ്ഞ ചെലവിലുള്ള സാങ്കേതിക വിദ്യയും ഇപ്പോള്‍ എളുപ്പത്തില്‍ ലഭ്യമാണ്. സായുധ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യതയില്‍ അംഗരാജ്യങ്ങളുടെ ഗൗരവമായ ശ്രദ്ധ ആവശ്യപ്പെടുന്നു. അതിര്‍ത്തികളിലൂടെ ആയുധങ്ങള്‍ കടത്താന്‍ തീവ്രവാദികള്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും ഇന്ത്യ യുഎന്നില്‍ വെളിപ്പെടുത്തി.
ഈ ഭീഷണി അന്താരാഷ്ട്ര സമൂഹം കൂട്ടായും ഏകീകൃതമായും നേരിടേണ്ടതാണ്. തീവ്രവാദികള്‍ക്ക് സുരക്ഷിത താവളങ്ങള്‍ നല്‍കുന്ന രാജ്യങ്ങളെ ഉത്തരവാദിത്തോടെ പെരുമാറാന്‍ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു