കാൺപൂർ:ഉത്തർപ്രദേശിലെ കാൺപുരിൽ അധ്യാപകൻ മരിച്ച സംഭവത്തിൽ ഭാര്യയും പുരുഷ സുഹൃത്തും സഹായിയും അറസ്റ്റിൽ. പ്രൈമറി സ്കൂൾ അധ്യാപകനായ ദഹേലി സുജൻപുർ സ്വദേശി രാജേഷ് ഗൗതം (40) മരണത്തിലാണ് ഇദ്ദേഹത്തിന്റെ ഭാര്യ ഊർമിള കുമാരി, സുഹൃത്ത് ശൈലേന്ദ്ര സോങ്കർ , ഇവരുടെ സഹായി വികാസ് സോങ്കർ എന്നിവർ പിടിയിലായത്. നാലാം പ്രതി സുമിത് കതേരിയയ്ക്കായി തിരച്ചിൽ നടക്കുകയാണ്. നവംബർ 4നാണ് രാജേഷ് ഗൗതം വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണത്തിൽ ഇത് അപകടമരണം അല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തുകയായിരുന്നു. മഹാരാജ്‌പുരിലെ സുബൗലി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ അധ്യാപകനായ രാജേഷ്, രാവിലെ നടക്കാൻ പോയപ്പോൾ അമിതവേഗതയിലെത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. മരത്തിലിടിച്ച് കാർ പൂർണമായും തകർന്നു. അപകടത്തിനുശേഷം കാറിലുണ്ടായിരുന്നയാൾ മറ്റൊരു കാറിൽ രക്ഷപ്പെടുകയും ചെയ്തുസംഭവത്തിനു പിന്നാലെ രാജേഷിന്റെ ഭാര്യ ഊർമിള പൊലീസിൽ പരാതി നൽകിയിരുന്നു. പരിശോധനയിൽ ഇത് ആസൂത്രിത കൊലപാതകമാണെന്നു കണ്ടെത്തിയ പൊലീസ്, അന്വേഷണത്തിനായി നാലു സംഘങ്ങളെ വിന്യസിച്ചു. സിസിടിവി ക്യാമറകൾ ഉൾപ്പെടെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതോടെയാണ് രാജേഷിന്റെ ഭാര്യ ഊർമിളയ്ക്കും ഇവരുടെ സുഹൃത്ത് ശൈലേന്ദ്ര സോങ്കറിനും മറ്റു രണ്ടു പേർക്കും ഇതിൽ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *