മൊഹാലിയില്‍ പോലീസ് ഇന്റലിജന്‍സ് വിഭാഗം ആസ്ഥാനത്ത് നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഖലിസ്ഥാനി നേതാവിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ നേതാവ് ലഖ്ബീര്‍ സിംഗ് ലാന്‍ഡയെയാണ് ഭീകരനായി പ്രഖ്യാപിച്ചത്. ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 2021ല്‍ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് 33 കാരനായ ലാന്‍ഡ.

1989ല്‍ പഞ്ചാബിലെ തരണ്‍ തരണ്‍ ജില്ലയില്‍ ജനിച്ച ലാന്‍ഡ, 2017 ലാണ് കാനഡയിലേക്ക് പലായനം ചെയ്തത്. കുപ്രസിദ്ധ ഖാലിസ്ഥാനി ഗ്രൂപ്പായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലിന്റെ അംഗമാണ് ഇയാള്‍. കൂടാതെ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാനേതാവ് ഹര്‍വിന്ദര്‍ സിംഗുമായി ലാന്‍ഡയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിരവധി കേസുകളുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *