കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനവും കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനവും ഉയർത്തുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് ‘ക്ലീൻ എനർജി ഫോർ സസ്‌റ്റെയ്‌നബിൾ എൻവയോൺമെന്റ്’ എന്ന പേരിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. സെന്റർ ഫോർ ക്ലീൻ എനർജി ആൻഡ് സർക്കുലർ ഇക്കണോമിയുടെ (സി-സിഇസിഇ) നേതൃത്വത്തിൽ നടന്ന സെമിനാറിൽ ലോകമെമ്പാടുമുള്ള വിദഗ്ധരും ഗവേഷകരും പങ്കെടുത്തു.ജപ്പാനിലെ കുമാമോട്ടോ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള പ്രൊഫസർ ഷുയിച്ചി ടോറി മുഖ്യ പ്രഭാഷകനായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ആവശ്യമായ പുനരുപയോഗ ഊർജ്ജത്തിലും സാങ്കേതിക പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു.ആഗോളതാപനം, ഹരിതഗൃഹ പ്രഭാവം, വർദ്ധിച്ചുവരുന്ന കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനം എന്നിവയെ കുറിച്ച് പ്രൊഫ. ടോറി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ലഘൂകരിക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡ് ഉദ്വമനം കുറയ്ക്കുന്നതിനുമുള്ള നിർണായക ചുവടുവെപ്പായി ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ ബയോ എനർജി ഉൽപ്പാദനത്തിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. ആഭ്യന്തര വിഭവങ്ങളുടെ അഭാവം മൂലം ജപ്പാൻ ഊർജ്ജ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നതെന്ന് പ്രൊഫ. ടോറി ചൂണ്ടിക്കാട്ടി. ഊർജ സംരക്ഷണം, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കൽ, സൗരോർജ്ജം, വേലിയേറ്റം, കാറ്റ്, ഭൂതാപം, ജൈവ ഇന്ധനം, ബയോമാസ് ഊർജം തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ പ്രോത്സാഹനം എന്നിവയാണ് ആഗോള താപനത്തെ തടയാനുള്ള മാർഗമെന്ന് അദ്ദേഹം പറഞ്ഞു. എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും പരിസ്ഥിതിയെ മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ജീവയോഗ്യമായി നിലനിർത്താൻ പ്രതിജ്ഞാബദ്ധരാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ എൻഐടി കോഴിക്കോട് ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ പറഞ്ഞു. എല്ലാ രാജ്യങ്ങളും ഊർജ സുരക്ഷാ ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണെന്നും അവരെ പിന്തുണയ്ക്കുന്നതിൽ തങ്ങൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എൻ ഐ ടി സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അധ്യക്ഷനായിരുന്നു. സി-സിഇസിഇ ചെയർപേഴ്സൺ പ്രൊഫ.എ.ഷൈജ, സി-സി.ഇ.സി.ഇ.യുടെ വൈസ് ചെയർപേഴ്സൺമാരായ ഡോ.പി.അരുൺ, ഡോ.ദീപ എസ്.എൻ എന്നിവരും സംസാരിച്ചു. ഓസ്റ്റിനിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ സീനിയർ റിസർച്ച് സയന്റിസ്റ്റ് ഡോ. പ്രദീപ്കുമാർ അശോക്, എൻഐടി കാലിക്കറ്റിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. വിനോദ് കുമാർ ശർമ്മ, കോഴിക്കോട് എൻഐടിയിലെ മെറ്റീരിയൽസ് സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ വിഭാഗത്തിൽ നിന്നുള്ള പ്രൊഫ. സജിത്ത് വി., അനെർട് ചീഫ് ടെക്നിക്കൽ മാനേജർ ആയ ഡോ. അജിത് ഗോപി എന്നിവരും വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *