മാധ്യമ സ്വാതന്ത്ര്യത്തെ വേട്ടയാടുന്ന 37 ലോക നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഗ്ലോബല്‍ മീഡിയ വാച്ച്‌ഡോഗായ റിപ്പോര്‍ട്ടേഴ്‌സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് (ആര്‍.എസ്.എഫ്) പ്രസിദ്ധീകരിച്ച പട്ടികയിലാണ് മോദി ഇടം നിലനിര്‍ത്തിയത്. പട്ടികയിലെ നേതാക്കളെ ‘മാധ്യമ സ്വാതന്ത്രത്തിന്റെ ഇരപിടിയന്മാര്‍’ എന്നാണ് ആര്‍.എസ്.എഫ് വിശേഷിപ്പിക്കുന്നത്.

2014ല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയത് മുതല്‍ ആര്‍.എസ്.എഫിന്റെ ഈ പട്ടികയില്‍ മോദിയുണ്ട്. പ്രധാനമന്ത്രിയായ ശേഷം മാധ്യമങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഉപയോഗിച്ച മാര്‍ഗങ്ങളുടെ പരീക്ഷണശാലയായിരുന്നു മോദിക്ക് ഗുജറാത്തെന്ന് ഇവര്‍ നിരീക്ഷിക്കുന്നു. ദേശീയതയും ജനപ്രിയതയും നിറഞ്ഞ വിവരങ്ങളും പ്രസംഗങ്ങളും കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളെ നിറയ്ക്കുകയെന്നതാണ് മോദി സ്വീകരിച്ച പ്രധാന തന്ത്രം. വന്‍ മാധ്യമ ശൃംഖലകളുടെ ഉടമകളായ കോര്‍പറേറ്റുകളുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. -ആര്‍.എസ്.എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മോദിയേയോ ബി.ജെ.പിയെയോ വിമര്‍ശിച്ചാല്‍ ജോലി നഷ്ടമാകുന്ന സാഹചര്യമാണ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെന്ന് ആര്‍.എസ്.എഫ് ചൂണ്ടിക്കാട്ടുന്നു. ‘അങ്ങേയറ്റം ഭിന്നിപ്പിക്കുന്നതും അവഹേളിക്കുന്നതും പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതുമായ മോദിയുടെ പ്രസംഗങ്ങള്‍ക്ക്’ ഏതാനും മാധ്യമങ്ങള്‍ വന്‍ പ്രാധാന്യം നല്‍കുന്നുവെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു

ഗൗരി ലങ്കേഷ് വധവും റാണ അയൂബ്, ബര്‍ക്ക ദത്ത് തുടങ്ങിയവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് ഏപ്രിലില്‍ ആര്‍.എസ്.എഫ് ചൂണ്ടിക്കാട്ടിയിരുന്നു. വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ 180ല്‍ 142ാം സ്ഥാനത്താണ് ഇന്ത്യ. ബ്രസീല്‍, മെക്‌സിക്കോ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മാധ്യമ സ്വാതന്ത്ര്യത്തിന് സമാനമാണ് ഇന്ത്യയിലെ സാഹചര്യമെന്ന് ഇത് അടിവരയിടുന്നു.
മോദിയെ കൂടാതെ, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ എന്നിവരും ‘ഇരപിടിയന്‍’മാരുടെ പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *