കോഴിക്കോട്: അടുത്തതവണ മുതല്‍ കോകോ ചലച്ചിത്രമേള അന്താരാഷ്ട്ര ചലച്ചിത്ര മേളയായി, കൂടുതല്‍ ആസൂത്രണത്തോടെ നടത്തുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. ഒരാഴ്ച നീണ്ട കോഴിക്കോട് കോര്‍പ്പറേഷന്‍ (കോകോ) ചലച്ചിത്രമേളയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കോഴിക്കോട്ടെ പോയ്‌പ്പോയ ഫിലിം ക്ലബ്ബുകളെ പുനരുജ്ജീവിപ്പിക്കണം. യുനെസ്‌കോ സാഹിത്യ പദവിയുടെ പശ്ചാത്തലത്തില്‍ നഗരത്തിന് ഇത് നല്ല അവസരമാണ്. കോകോ ഫോക് ലോര്‍ ഫെസ്റ്റും നടത്തും,’ മേയര്‍ പറഞ്ഞു.

നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. നാടക-സിനിമാ രംഗത്തെ പ്രഗല്‍ഭരായ കുട്ട്യേടത്തി വിലാസിനി, വിജയന്‍ വി നായര്‍, അജിത നമ്പ്യാര്‍ എന്നിവരെയും ബാങ്ക്‌മെന്‍സ് ഫിലിം സൊസൈറ്റി സെക്രട്ടറി കെ ജെ തോമസിനേയും പരിപാടിയില്‍ ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി രേഖ, വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ടി ശേഖര്‍, കെ ടി സുഷാജ് തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രീ, വേദി തിയ്യറ്ററുകളിലായി 42 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. കോഴിക്കോട് നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര സിനിമകളും കാണിച്ചു. അഞ്ച് ദിവസം ഓപ്പണ്‍ഫോറവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *