പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനവുമായി ആര്‍.ജെ.ഡി. നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. പ്രതിപക്ഷം ഒന്നിച്ചുനില്‍ക്കേണ്ട സമയമാെണന്നും ഇനിയും അത് സംഭവിച്ചില്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ലെന്നും തേജസ്വി പറഞ്ഞു.

‘കേന്ദ്രത്തിനെതിരെ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമില്ല. വേണ്ടത് മറ്റെല്ലാം മറന്ന് ഒന്നിക്കണമെന്ന നിശ്ചയദാര്‍ഢ്യമാണ്,’ തേജസ്വി യാദവ് പറഞ്ഞു. കോണ്‍ഗ്രസാകണം പ്രതിപക്ഷ ഐക്യത്തിന് അടിത്തറയാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ നിലവിലെ അവസ്ഥയില്‍ മമതാ ബാനര്‍ജിയും അഖിലേഷ് യാദവും ശരദ് പവാറും അസ്വസ്ഥരാണെന്നും അവരെല്ലാം നിരന്തരം പ്രതിപക്ഷ ഐക്യത്തിനായി ശ്രമിച്ചുകൊമ്ടിരിക്കുകയാണെന്നും തേജസ്വി പറഞ്ഞു.

‘ എന്തെങ്കിലും ഉടന്‍ ചെയ്യണമെന്ന് എനിക്ക് തോന്നുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കൂടിയിരുന്ന് സംസാരിക്കണം,’ അദ്ദേഹം പറഞ്ഞു. എല്ലാവരും എല്ലായിടത്തും ശക്തരാകണമെന്നില്ല. ആര്‍.ജെ.ഡി. ബീഹാറില്‍ ശക്തമാണ്. ബംഗാളില്‍ അത് മറ്റ് ചിലരാകാം, യു.പി.യില്‍ വേറെ ചിലരാകാം. ഇവരെയെല്ലാം ഒരുമിച്ച് നിര്‍ത്താനാണ് ശ്രമിക്കേണ്ടതെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക പാര്‍ട്ടികള്‍ ശക്തമായ സംസ്ഥാനങ്ങളില്‍ അവരുടെ നേതൃത്വത്തിലായിരിക്കണം മുന്നണി രൂപീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് മുന്നിലേക്കിറങ്ങി ബി.ജെ.പിയുടെ വാഗ്ദാനലംഘനത്തെക്കുറിച്ച് പ്രചരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ബി.ജെ.പി. വിരുദ്ധ ചേരിയിലുള്ള പാര്‍ട്ടികളെ കോര്‍ത്തിണക്കി വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനാണ് പവാറിന്റെ ശ്രമം.

എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ., ശിവസേന, ആം ആദ്മി പാര്‍ട്ടി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആര്‍.ജെ.ഡി, നാഷനല്‍ കോണ്‍ഫറന്‍സ്, സി.പി.ഐ.എം., സി.പി.ഐ., പി.ഡി.പി. തുടങ്ങിയ കക്ഷികളെ ഒപ്പം ചേര്‍ത്ത് സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യം.

ഇന്ധന വിലവര്‍ധന, കര്‍ഷക സമരം, സാമ്പത്തിക തകര്‍ച്ച, വിലക്കയറ്റം തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേറ്റ വിഷയങ്ങള്‍ നിരവധിയാണ്.

അടുത്തിടെ തദ്ദേശ തെരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലും അയോധ്യ, മഥുര, ലക്നൗ എന്നീ നഗരങ്ങളുള്‍പ്പെടുന്ന ജില്ലകളിലും ബി.ജെ.പി. കനത്ത പരാജയം നേരിട്ടു.

ഭരണം പിടിക്കുമെന്ന് ഉറപ്പിച്ച് സര്‍വസന്നാഹങ്ങളുമായി ഇറങ്ങിയ ബംഗാളില്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പിയെ കാത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *