എല്‍കെജി വിദ്യാർത്ഥിയുടെ ഫീസായി 4 ലക്ഷം രൂപ വരെ ഈടാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഒരു രക്ഷിതാവ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്കൂള്‍ ഫീസ് ഒറ്റയടിക്ക് 65 ശതമാനം വര്‍ദ്ധിപ്പിച്ചെന്നാണ് പരാതി. 2023ൽ 2.3 ലക്ഷമായിരുന്ന ഫീസ് 2024ൽ 3.7 ലക്ഷമായി സ്കൂള്‍ അധികൃതര്‍ ഉയർത്തിയെന്ന് രക്ഷിതാവ് പറയുന്നു. ഹൈദരാബാദിലെ ബച്ചുപള്ളിയിലെ സ്കൂളിനെതിരെയാണ് വെളിപ്പെടുത്തല്‍.അതേ സ്‌കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന മൂത്ത മകന്‍റെ ഫീസായി 3.2 ലക്ഷം രൂപയാണ് താന്‍ അടയ്ക്കുന്നതെന്നും രക്ഷിതാവ് പറഞ്ഞു. അതായത് എല്‍കെജിക്കാരന്‍റെ ഫീസിനേക്കാൾ 50,000 കുറവ്. ഈ സാമ്പത്തികഭാരം താങ്ങാനാകുന്നില്ലെന്നും കുട്ടിയെ സ്കൂൾ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും രക്ഷിതാവ് പറഞ്ഞു. എന്നാല്‍ ഈ ചുരുങ്ങിയ സമയം കൊണ്ട് മറ്റൊരു സ്കൂള്‍ കണ്ടുപിടിക്കുക എന്നത് വെല്ലുവിളിയാണെന്ന് രക്ഷിതാവ് വ്യക്തമാക്കി. അതേസമയം ഐബി പാഠ്യപദ്ധതിയിലേക്കുള്ള മാറ്റം കാരണമാണ് ഫീസ് വർദ്ധിപ്പിച്ചതെന്നാണ് സ്കൂളിന്‍റെ വിശദീകരണം. പോസ്റ്റിന് താഴെ നിരവധി രക്ഷിതാക്കള്‍ സമാന അനുഭവങ്ങള്‍ പങ്കുവെച്ചു. ഈ അധ്യയന വർഷത്തിൽ മിക്ക സ്‌കൂളുകളുടെയും ശരാശരി വാർഷിക ഫീസ് വർധനവ് ഏകദേശം 10 മുതല്‍ 12 ശതമാനം വരെയാണ്. ഫീസിനത്തില്‍ തന്നെ ലക്ഷങ്ങള്‍ നല്‍കേണ്ടി വരുന്നതോടെ വിദ്യാഭ്യാസച്ചെലവ് വീണ്ടും ഉയരുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.സിബിഎസ്ഇ സ്കൂളുകളിലും ലക്ഷങ്ങളാണ് ഫീസായി ഈടാക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു- “ഈ വർഷം മകനെ ഒന്നാം ക്ലാസിൽ ചേര്‍ക്കാന്‍ ഞാൻ കുക്കട്ട്‌പള്ളിയിലെ പത്തോളം സ്‌കൂളുകൾ സന്ദർശിച്ചു. ഫീസ് ഏകദേശം 4 ലക്ഷമാണ്. ഏറ്റവും കുറവ് ഒരു ലക്ഷം. അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നാണ് സ്കൂളുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ പഠന, പാഠ്യേതര പ്രവർത്തനങ്ങൾക്ക് ജൂനിയർ ക്ലാസുകളില്‍ പ്രാഥമിക ശ്രദ്ധ നല്‍കണമെന്ന് ഞാന്‍ കരുതുന്നു. അത്തരം ചെലവുകൾ ഒരു ലക്ഷത്തിൽ കവിയരുത്”- സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പീയുഷ് ജരോലി പറഞ്ഞു. അതേസമയം പരിചയസമ്പന്നരായ അധ്യാപകരെ നിലനിർത്താന്‍ ആകർഷകമായ ശമ്പളം നല്‍കണമെന്നാണ് ഹൈദരാബാദിലെ സിബിഎസ്ഇ സ്കൂളുകളുടെ സംഘടനയായ ഹൈദരാബാദ് സഹോദയ സ്കൂൾ കോംപ്ലക്സ് ഭാരവാഹി സുനിർ നാഗിയുടെ ന്യായീകരണം.

Leave a Reply

Your email address will not be published. Required fields are marked *