‘ഇന്ത്യയുടെ വാനമ്പാടി’, ‘ഭാരത് കോകില’ എന്നീ വിശേഷണങ്ങളില്‍ അറിയപ്പെടുന്ന സരോജിനി നായിഡുവിൻ്റെ ഓർമകൾക്ക് ഇന്ന് 75 വയസ്.കവയിത്രി,സ്വാതന്ത്ര്യ സമര സേനാനി, സാമൂഹിക പ്രവർത്തക, പ്രഭാഷക എന്നീ നിലകളിലെല്ലാം പ്രഗത്ഭയായിരുന്നു അവര്‍. ഉത്തർപ്രദേശിന്‍റെ ആദ്യ വനിത ഗവർണറെന്ന സ്ഥാനം അലങ്കരിച്ചിട്ടുമുണ്ട്. ശാസ്ത്രജ്ഞനും തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ അഘോർനാഥ് ചാതോപാധ്യായയുടെയും, ബംഗാളി കവയിത്രി വരദ സുന്ദരി ദേവിയുടെയും മൂത്ത മകളായി 1879 ഫെബ്രുവരി 13ന് ഹൈദരാബാദിലായിരുന്നു ജനനം. പിതാവ് ഹൈദരാബാദിലെ നിസാം കോളജിൻ്റെ സ്ഥാപകനായിരുന്നു.എഴുത്തിനോട് ഏറെ താത്പര്യം കാണിച്ചിരുന്ന സരോജിനി നായിഡു കുട്ടിക്കാലത്ത് ‘മഹെർ മുനീർ’ എന്ന നാടകം രചിച്ച് സ്കോളർഷിപ്പ് നേടി ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയി. മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്തുതന്നെ സരോജിനി നായിഡു ദേശീയശ്രദ്ധ നേടിയിരുന്നു. പതിനാറാം വയസിലാണ് ഇംഗ്ലണ്ടിലേക്ക് മാറുന്നത്. ആദ്യം ലണ്ടനിലെ കിംഗ്‌സ് കോളജിലും പിന്നീട് കേംബ്രിഡ്‌ജിലെ ഗിർട്ടൺ കോളജിലും പഠിച്ചു. ഇംഗ്ലണ്ടിൽ ആയിരിക്കുമ്പോൾ സഫ്രഗെറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. 1905-ൽ, സരോജിനി നായിഡുവിന്‍റെ ആദ്യ കവിത സമാഹാരമായ ദി ഗോൾഡൻ ത്രെഷോൾഡ് പുറത്തിറങ്ങി.നായിഡു തന്‍റെ കവിതകളിൽ ഇന്ത്യന്‍ ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ആവിഷ്‌കരിച്ചു. 1905-ൽ ബംഗാൾ വിഭജനത്തിന് പിന്നാലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. സ്ത്രീകളുടെ അവകാശങ്ങൾ, എല്ലാവർക്കും വിദ്യാഭ്യാസം, ഹിന്ദു-മുസ്‌ലിം ഐക്യം എന്നിവയുടെ പ്രചാരകയായും പ്രവർത്തിച്ചു. സരോജിനി നായിഡുവിന്‍റെ സൃഷ്ടികളില്‍ ഇന്ത്യൻ സംസ്‌കാരത്തിൻ്റെയും ഭൂപ്രകൃതിയുടെയും സ്വാതന്ത്ര്യസമരത്തിൻ്റെയും, ചൈതന്യവും അതിന്‍റെ മറ്റ് ബഹിര്‍സ്‌ഫുരണങ്ങളും അലയടിച്ചിരുന്നു.ദേശീയ പ്രസ്ഥാനത്തിലെ ഇടപെടലുകള്‍ അവരുടെ എഴുത്തിനെ ഏറെ സ്വാധീനിച്ചിരുന്നു. അവരുടെ കവിതകൾ ശക്തമായ ദേശീയ ബോധവും കൊളോണിയൽ ഭരണത്തിനെതിരായ സൂക്ഷ്‌മ വിമർശനവും ഉള്‍ക്കൊള്ളുന്നതായിരുന്നു. കാലക്രമേണ, നായിഡുന്‍റെ കവിതകൾ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യാൻ തുടങ്ങി, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളും സ്ത്രീ ശാക്തീകരണവും.ശ്രദ്ധേയമായ സാഹിത്യ കൃതികൾ : 1912-ൽ പ്രസിദ്ധീകരിച്ച ദി ബേർഡ് ഓഫ് ടൈം എന്ന കൃതി രാജ്യത്തോടുള്ള നായിഡുവിന്‍റെ അഗാധമായ സ്നേഹം പ്രതിഫലിപ്പിക്കുന്നതായിരുന്നു. അവരുടെ മരണശേഷം പ്രസിദ്ധീകൃതമായ ദി സെപ്‌ട്രഡ് ഫ്ലൂട്ട് 1928): സോംഗ്‌സ് ഓഫ് ഇന്ത്യ : എന്ന കവിത സമാഹാരത്തിൽ, ഇംഗ്ലീഷ് ഭാഷയ്‌ക്കൊപ്പം ഇന്ത്യൻ പാരമ്പര്യത്തിൻ്റെ സത്ത കലാപരമായി നെയ്‌തെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *