ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ ബന്ധമുള്ള എം.എസ്.സി ഏരീസ് കപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി. ജീവനക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന് വിദേശകാര്യ മന്ത്രി ഡോ. ഹുസൈന് അമീര്‍ അബ്ദുല്ലാഹിയാനുമായി ചര്‍ച്ച നടത്തിയിരുന്നു.
പിന്നാലെയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവനക്കാരെ കാണാന്‍ ഇറാന് അനുമതി നല്‍കിയത്. ഞായറാഴ്ച വൈകീട്ട് ഇറാന് അധികൃതരുമായി സംസാരിച്ചെന്നും കപ്പലിലെ 17 ഇന്ത്യന്‍ ജീവനക്കാരുടെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധിച്ചും ചര്‍ച്ച ചെയ്തതായും ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.
ചരക്കുകപ്പലില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ് (32), വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണുള്ളത്. ദുബൈയില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന കപ്പലാണ് ഹുര്‍മുസ് കടലിടുക്കില്‍വെച്ച് ഇറാന്റെ റെവലൂഷണറി ഗാര്‍ഡ്സ് ശനിയാഴ്ച പിടിച്ചെടുത്തത്.