ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിൽ ഭേദപ്പെട്ട പോളിംഗ്. ബംഗാളിലും മണിപ്പൂരിലുംസംഘർഷങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളിൽ പൊതുവിൽ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നത്. 102 മണ്ഡലങ്ങളിലെ വിവരങ്ങൾ പുറത്ത് വരുമ്പോൾ ഹിന്ദി ഹൃദയ ഭൂമിയിലെ മണ്ഡലങ്ങളിലാണ് കൂടുതൽ പോളിംഗ് നടന്നത്. ഉത്തർപ്രദേശിലും, മധ്യപ്രദേശിലും, രാജസ്ഥാനിലും, ബിഹാറിലും പോളിംഗ് ശതമാനം അൻപതിനടുത്തായി. എല്ലാ മണ്ഡലങ്ങളിലും പോളിംഗ് നടക്കുന്ന തമിഴ് നാട്ടിൽ ഉച്ചയ്ക്ക് 12 മണി വരെ 30 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ആരംഭിച്ച രാവിലെ 7 മുതൽ തന്നെ ജനം പോളിംഗ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. പ്രമുഖരിൽ പലരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, വിജയ്, വിജയ് സേതുപതി, ഖുഷ്ബു, ശിവകാർത്തികേയൻ, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഇന്ത്യ മുന്നണി ജയിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ വോട്ട് രേഖപ്പെടുത്തതിയ ശേഷം പറഞ്ഞു. സേലത്ത് രണ്ട് വയോധികർ പോളിങ് ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു.മഹാരാഷ്ട്രയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിൽ നാഗ്പൂരടക്കം അഞ്ച് മണ്ഡലങ്ങളിലും പോളിംങ് തുടരുകയാണ്.പതിനൊന്ന് മണി വരെ 19. 72 ശതമാനം പോളിംങ്ങാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളായ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, ദേവേന്ദ്ര ഫഡ്നാവിസ്, ആർ എസ് എസ് തലവൻ മോഹൻ ഭാഗവത് എന്നിവർ നാഗ്പൂരിൽ വോട്ട് രേഖപ്പെടുത്തി.അഞ്ചു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഹാട്രിക് വിജയം നേടുമെന്ന് നിതിൻ ഗഡ്കരി ആത്മ വിശ്വാസം പ്രകടിപ്പിച്ചു. നാഗ്പൂരിലെ ഒരു ബൂത്തിൽ ഇവിഎം തകരാറിലായതിനെ തുടർന്ന് പോളിംങ് ഒരു മണിക്കൂറോളം വൈകിയിരുന്നു.റെക്കോഡ് പോളിങ് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയും അഴിമതിക്കും പ്രീണന രാഷ്ട്രീയത്തിനുമെതിരെ വോട്ട് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ആഹ്വാനം ചെയ്തു. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടം തുടങ്ങുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ വോട്ട് ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *