തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം ജനാധിപത്യവിരുദ്ധമെന്നും ​ഗവർണർ ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ താൻ ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാൽ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. പ്രതിഷേധങ്ങൾക്കും എതിർ അഭിപ്രായങ്ങൾക്കും ജനാധിപത്യത്തിൽ സ്ഥാനം ഉണ്ട്. പക്ഷെ അക്രമങ്ങൾക്ക് സ്ഥാനമില്ല. ആക്രമണങ്ങൾ താൻ ഇതിന് മുമ്പും നേരിട്ടുണ്ടെന്നും ഇതിലും മോശമായത് നേരിട്ടുണ്ടെന്നും ​ഗവർണർ വ്യക്തമാക്കി. രാജ്ഭവന് കിട്ടേണ്ട പണം പോലും അനുവദിക്കുന്നില്ലെന്ന കാര്യങ്ങൾ ഒക്കെ മാധ്യമങ്ങൾ തന്നെ റിപോർട്ട് ചെയ്തതാണ്. പ്രധാനമന്ത്രിയെ താൻ ഒന്നും നേരിട്ട് അറിയിച്ചിട്ടില്ല. പക്ഷെ രാഷ്ട്രപതിക്ക് എല്ലാ മാസവും റിപോർട്ട് നൽകുന്നുണ്ട്. ആ റിപ്പോർട്ടിൽ കേരളത്തിലെ സംഭവവികാസങ്ങൾ അറിയിച്ചിട്ടുണ്ട്. അത് തന്റെ ഉത്തരവാദിത്വമാണെന്നും ​ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവർണറെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യമായതെന്ന് പ്രധാനമന്ത്രി ഏഷ്യാനറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ശത്രുരാജ്യങ്ങൾ പോലും നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ നൽകുമെന്നും ഭരണ ഘടന പദവിയിലിരിക്കുന്നവരെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അവഹേളനത്തെക്കുറിച്ച് ​ഗവർണർ ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ എല്ലാം സഹിക്കുന്നയാളാണ്. രാജ്ഭവന് കിട്ടേണ്ട പണം പോലും സംസ്ഥാന സർക്കാർ പിടിച്ചുവെയ്ക്കുകയാണ്. നാളെ അരിശം കയറി രാജ്ഭവനിലെ വൈദ്യുതി വിഛേദിച്ചാൽ എന്താകും അവസ്ഥയെന്നും പ്രത്യേക അഭിമുഖത്തിൽ പ്രധാനമന്ത്രി ചോദിച്ചു. തമിഴ്നാട്ടിലെ ​ഗവർണറുടെ വസതിക്ക് മുന്നിൽ പെട്രോൾ ബോംബ് ആക്രമണം ഉണ്ടായി. ഇതൊന്നും സംസ്ഥാന സർക്കാരുകൾക്ക് ഭൂഷണമായ കാര്യങ്ങളല്ലെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *