ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പയ്ക്ക് എതിരായ പോക്സോ കേസിലെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. 81-കാരനായ യെദിയൂരപ്പയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഇരയായ പെൺകുട്ടിയുടെ കയ്യിൽ നിന്ന് കണ്ടെടുത്ത വീഡിയോ ദൃശ്യമാണ് പ്രധാന തെളിവായി കുറ്റപത്രത്തിൽ പറയുന്നത്. ‘വീഡിയോയിൽ ‘എന്റെ മകളെ നിങ്ങൾ എന്താണ് ചെയ്തത്’ എന്ന് കുട്ടിയുടെ അമ്മ ചോദിക്കുന്നുണ്ട്. ‘എനിക്കും പേരക്കുട്ടികൾ ഉണ്ട്, അവൾ മിടുക്കി ആണ്, ഞാൻ നോക്കി, പരിശോധിച്ചു’ എന്നാണ് യെദിയൂരപ്പയുടെ മറുപടി. ഈ ദൃശ്യം കുട്ടിയുടെ അമ്മ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാൽ ഇത് ഡിലീറ്റ് ചെയ്യാൻ അനുയായികളെ വിട്ട് ഇരയ്ക്കും അമ്മയ്ക്കും രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയായിരുന്നു യെദിയൂരപ്പ. വീണ്ടും വീട്ടിലേക്ക് വിളിച്ച് വരുത്തി കുട്ടിയുടെ അമ്മയുടെ ഫോണിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചു’. എന്നാൽ കുട്ടിയുടെ ഫോണിലാണ് ഈ ദൃശ്യം പകർത്തിയത് എന്നും അത് ഫോണിൽ നിന്ന് കണ്ടെടുത്തെന്നും കുറ്റപത്രത്തിൽ പറയുന്നു. ‘പെൺകുട്ടിയും അമ്മയും കാണാൻ വന്നപ്പോൾ കുട്ടിയുടെ വലത്തേ കയ്യിൽ യെദിയൂരപ്പ പിടിച്ചു. ഒറ്റയ്ക്ക് മുറിക്ക് ഉള്ളിലേക്ക് വരാൻ പറഞ്ഞു, വാതിൽ അടച്ചു കുറ്റിയിട്ടു. ബലാത്സംഗം ചെയ്ത ആളുടെ മുഖം ഓർമ്മ ഉണ്ടോ എന്ന് കുട്ടിയോട് യെദിയൂരപ്പ ചോദിച്ചു. ‘ഉണ്ട്’ എന്ന് മറുപടി പറഞ്ഞതിന് പിന്നാലെ ലൈംഗികാതിക്രമം നടത്തി’- എന്നാണ് കുറ്റപത്രത്തിലുള്ളത്. ‘കുട്ടി യെദിയൂരപ്പയെ പിടിച്ചു മാറ്റി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. തുറന്ന് പുറത്ത് വന്നപ്പോൾ ‘നിങ്ങളുടെ കേസിൽ എനിക്കൊന്നും ചെയ്യാനില്ല’ എന്ന് അമ്മയോടും മകളോടും പറഞ്ഞു. പോക്കറ്റിലെ കുറച്ച് പണമെടുത്ത് ഇരുവർക്കും നൽകി’ വീണ്ടും അകത്തേക്ക് പോയി എന്നും കുറ്റപത്രത്തിൽ പറയുന്നു.മറ്റൊരു ലൈംഗിക പീഡന പരാതിയിൽ നടപടിക്ക് സഹായിക്കണം എന്ന് അഭ്യർത്ഥിച്ചാണ് ഇവർ യെദിയൂരപ്പയെ കാണാൻ എത്തിയത്. തുടർന്നാണ് കുട്ടിക്കെതിരെ പീഡനശ്രമം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *