പാമ്പ് കടിയേറ്റ വാവ സുരേഷ് അപകടനില തരണം ചെയ്തു വരുന്നെന്ന് മന്ത്രി വി.എൻ വാസവൻ. ആരോഗ്യ നില പ്രതീക്ഷ നൽകുന്നുണ്ട്. വാവ സുരേഷിന് ഇതുവരെ സംഭവിച്ചതിൽ വച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാൻ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കൽ കോളേജിൽ വാവസുരേഷിന് നൽകുന്നുണ്ടെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.കൈകാലുകൾ ചെറുതായി ചലിപ്പിക്കുന്നുണ്ട്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. എന്നാൽ അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. നിലവിൽ വെന്റിലേറ്ററിൽ തന്നെയാണ് വാവ സുരേഷ് ഉള്ളത്. ആറംഗ വിദഗ്ദ്ധ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ ഇന്നലെ വൈകുന്നേരമാണ് മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സുരേഷിനെ പാമ്പ് കടിച്ചത് കണ്ട നാട്ടുകാരന്‍ സംഭവ സ്ഥലത്ത് തല കറങ്ങി വീണു. വീഴ്ചയില്‍ തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയോളമായി കോട്ടയം കുറിച്ചിയില്‍ പ്രദേശ വാസികളെ ഭയപ്പെടുത്തിയ പാമ്പാണ് വാവ സുരേഷിനെ കടിച്ചത്. കരിനാട്ടുകവല പാട്ടാശേരിയില്‍ വാണിപ്പുരയ്ക്കല്‍ വിജെ നിജുമോന്റെ വീട്ടു വളപ്പില്‍ കൂട്ടിയിട്ട കരിങ്കല്ലുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടത്. വാവ സുരേഷ് വരുമ്പോഴേക്കും നാട്ടുകാര്‍ കരിങ്കല്‍ കൂട്ടം വല കൊണ്ട് മൂടിയിരുന്നു.