ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എം.എൽ.എയെ ചില കേസുകളിൽ കൂടി കസ്റ്റഡിയിൽ ആവശ്യം ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. നവംബർ 11ന് അറസ്റ്റിലായ തന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായെന്ന് ഹരജിയിൽ പറയുന്നു. പ്രമേഹവും രക്ത സമ്മർദ്ദവുമുൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുണ്ട്.
നിക്ഷേപകരുമായി കമ്പനിയുണ്ടാക്കിയ കരാറിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും ലാഭവിഹിതം നൽകിയില്ലെന്ന പേരിൽ ക്രിമിനൽ കേസ് എടുക്കാനാവില്ലെന്നും ഹരജിയിൽ പറയുന്നു.