നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്കു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. ഫോണുകള്‍ ലഭിക്കാന്‍ അന്വേഷണ സംഘത്തിനു മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാം.ഫോണുകള്‍ അന്വേഷണ സംഘത്തിനു കൈമാറുന്നതിനെ ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് എതിര്‍ത്തു. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിക്കു കൈമാറാമെന്ന ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദേശം കോടതി രേഖപ്പെടുത്തി. തുടര്‍ന്ന് ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തി ഫോണുകള്‍ മജ്‌സട്രേറ്റ് കോടതിക്കു കൈമാറാന്‍ ഉത്തരവിട്ടു. ഫോണ്‍ ലോക്ക് അഴിക്കുന്ന പാറ്റേണും പ്രതിഭാഗം കോടതിയെ അറിയിക്കും.ദിലീപിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്ന് നാളെ മറ്റ് പ്രതികള്‍ പറയാന്‍ ഇടയാക്കരുതെന്നും അത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ദിലീപ് ഹാജരാക്കിയ ആറു ഫോണുകളില്‍ അഞ്ചെണ്ണം അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഒന്നാമത്തെ ഫോണ്‍ ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.ദിലീപ് ജാമ്യത്തിന് അര്‍ഹനാണോ എന്ന് തീരുമാനിക്കാന്‍ അന്വേഷണവുമായി സഹകരിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചിരുന്നു. ദിലീപും മറ്റ് പ്രതികളും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നിഷേധിക്കണമെന്ന് ഡിജിപി കോടതിയോട് ആവശ്യപ്പെട്ടു.