ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യന്‍ വംശജ കല്‍പന ചൗള ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം. 2003 ഫെബ്രുവരി ഒന്നിലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കല്‍പന മരണമടഞ്ഞത്.

നാസയുടെ സ്പേസ് ഷട്ടിലായ കൊളംബിയ ടെക്സാസിലെ ആകാശത്ത് കത്തിയമര്‍ന്നപ്പോള്‍ കല്‍പനയടക്കം ഏഴ് ബഹിരാകാശ സഞ്ചാരികള്‍ ഓര്‍മ്മയായെങ്കിലും നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി കല്‍പന ഇപ്പോഴും ജനഹൃദയങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്നു.

ഹരിയാനയിലെ കര്‍ണാലിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍പ്പിറന്ന കല്‍പന ചൗള സ്വപ്നം കണ്ടത് ആകാശയാത്രകളായിരുന്നു. അച്ഛനൊപ്പം അവര്‍ പ്രദേശത്തെ ഫ്ളെയിങ് ക്ലബുകളിലെത്തി വിമാനങ്ങളെ പരിചയപ്പെട്ടു. പഞ്ചാബില്‍ നിന്നും ഏറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയശേഷം ഉന്നതപഠനത്തിനായി അവര്‍ അമേരിക്കയിലേക്ക് പറന്നു. എറോസ്പേസ് എഞ്ചിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും പി എച്ച് ഡിയും നേടിയശേഷം 1997 നവംബറിലായിരുന്നു കല്‍പനയുടെ ആദ്യ ബഹിരാകാശ ദൗത്യം. ആദ്യ യാത്രയില്‍ 376 മണിക്കൂറുകളോളം ബഹിരാകാശത്ത് ചിലവഴിച്ചു. കല്‍പനയുടെ കഴിവും താല്‍പര്യവും പരിഗണിച്ച് രണ്ടാം ദൗത്യത്തിലും കല്‍പനയെ നാസ അംഗമാക്കുകയായിരുന്നു. 2003 ജനവരി 16 ആരംഭിച്ച രണ്ടാം ദൗത്യത്തിലെ മടക്കയാത്രയിലാണ് കല്‍പന കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *