പ്രശസ്ത പാക് ഗായകൻ റാഹത് ഫത്തേ അലി ഖാനെ ബ്രിട്ടണിലെ രാജകുടുംബത്തിലെ രാജാവായ ചാള്‍സ് മൂന്നാമന്റെ ആന്റി വയലന്‍സ് ചാരിറ്റിയിൽ നിന്ന് ഒഴിവാക്കി. റാഹത് ഫത്തേ അലി ശിഷ്യനെ ചെരിപ്പുകൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെയാണ് നടപടി.

ശിഷ്യനായ നവീദ് ഹസ്നെയ്നെയാണ് ഗായകന്‍ ഷൂകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ഈ ദൃശ്യങ്ങള്‍ വൈറലായതോടെ ഗായകനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഗുരുവിനെ ന്യായീകരിച്ച് ശിഷ്യന്‍ തന്നെ രംഗത്ത് വന്നുവെങ്കിലും പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നില്ല.
ആന്റി വയലന്‍സ് ചാരിറ്റിയുടെ ഏഷ്യയിലെ ബ്രാൻഡ് അംബാസഡർ കൂടിയായ റാഹത് ഫത്തേ അലിഖാൻ മറ്റുള്ളവരോട് ഇങ്ങനെ പെരുമാറുന്ന വ്യക്തി ഈ പദവിയ്ക്ക് യോഗ്യനല്ലെന്നും ഗായകനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഒട്ടനവധിപേര്‍ രംഗത്ത് വന്നു.തുടര്‍ന്ന് ഗായകനെ ആന്റി വയലന്‍സ് ചാരിറ്റിയുടെ അംബാസിഡര്‍ പദവിയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് സംഘടന.

അതെ സമയം, സംഭവത്തിൽ വിശദീകരണവുമായി ഗായകൻ രംഗത്തെത്തിയിരുന്നു ഒരു ആത്മീയനേതാവ് നല്‍കിയ പരിശുദ്ധ ജലം സൂക്ഷിച്ചിരുന്ന കുപ്പി മാറ്റി വച്ചതിനാണ് ശിഷ്യനെ മർദിച്ചതെന്ന് ഗായകൻ പറഞ്ഞു. ഗുരുവിനെ നായീകരിച്ച് ആക്രമണത്തിന് ഇരയായ ശിഷ്യനും തൊട്ടുപിന്നാലെ രംഗത്ത് വന്നു. ഉസ്താദ് തന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ദൈവത്തിന് നന്നായി അറിയാമെന്നും തങ്ങളെ ഭീഷണിപ്പെടുത്താനാണ് ആ വ്യക്തി വീഡിയോ പകര്‍ത്തിയതെന്നും നവീദ് ഹസ്നെയ്ന്‍ പറഞ്ഞു. ഉസ്താദിന് എന്ന തല്ലാം, ചീത്തപറയാം. കാരണം ഇദ്ദേഹം ഉസ്താദാണ്. വീഡിയോ ഉസ്താദിന്റെ സത്‌പേര് കളങ്കപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ചതാണ്. നിങ്ങളാരും അത് കാര്യമായി എടുക്കരുത്- നവീദ് ഹസ്നെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *