
പണപ്പെരുപ്പവും തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുന്നതും, വികസനത്തെ മുരടിപ്പിക്കുന്നതും, സംസ്ഥാന താത്പര്യങ്ങളെ നിഷേധിക്കുന്നതിലൂടെ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തെ ലംഘിക്കുന്നതുമാണ് കേന്ദ്ര ബജറ്റിലെ സമീപനാമെന്നു മുഖ്യമന്ത്രി.ഒ.ബി.സി, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്കോ കർഷക-കർഷകത്തൊഴിലാളി മേഖലകൾക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല. കാർഷിക-വ്യവസായ രംഗങ്ങൾക്കു വേണ്ട തോതിലുള്ള പരിഗണനകളില്ല എന്നു മാത്രമല്ല, കാർഷിക മേഖലയിലെ നാനാതരം സബ്സിഡികൾ വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതി പാവപ്പെട്ട ജനവിഭാഗങ്ങൾക്കാശ്വാസകരമായിരുന്നു. അതിനുപോലും അർഹമായ വിഹിതം ബജറ്റ് നീക്കിവെക്കുന്നില്ല.സമാനതകളില്ലാത്ത ദുരന്തം നേരിട്ട വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. ബജറ്റിൽ ഒന്നും തന്നെ വയനാടിനായി അനുവദിച്ചില്ല. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കുംവിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല എന്ന് മാത്രമല്ല വൻകിട പദ്ധതികൾ ഒന്നും തന്നെയില്ല. എയിംസ്, റെയിൽവേ കോച്ച് നിർമ്മാണശാല തുടങ്ങിയ കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചു
25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്കായി നീക്കിവെക്കുമ്പോൾ ഏതാണ്ട് 40,000 കോടി പോലും കേരളത്തിനു ലഭിക്കാത്ത നിലയാണുള്ളത്. വിദ്യാഭ്യാസരംഗത്തിലടക്കം കേരളം നേടിയ പുരോഗതി മുൻനിർത്തി കേരളത്തെ ശിക്ഷിക്കുകയാണ്. പുരോഗതി കൈവരിച്ചില്ലേ, അതുകൊണ്ട് ആ മേഖലയ്ക്കില്ല. എന്നാൽ, പുരോഗതി കൈവരിക്കേണ്ട മേഖലയ്ക്കുണ്ടോ? അതുമില്ല. വായ്പാപരിധിയുടെ കാര്യത്തിലടക്കം കേരളം മുമ്പോട്ടുവച്ച ആവശ്യങ്ങളെ അംഗീകരിച്ചിട്ടില്ല. കാർഷികോത്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവിലയില്ല. റബ്ബർ-നെല്ല്-നാളികേര കൃഷികൾക്ക് പരിഗണനയില്ല. അവയ്ക്കായി സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരമില്ല. റബ്ബർ ഇറക്കുമതി നിയന്ത്രിക്കില്ല. മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
