കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ വഴി നൽകുന്ന പലിശരഹിത ഭവന വായ്പ 5 ലക്ഷം രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ കായിക വഖഫ് ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ അറിയിച്ചു. നിലവിൽ 2.5 ലക്ഷം രൂപയാണ് വായ്പയായി നൽകുന്നത്. തിരൂർ സംഗമം റസിഡൻസി ഓഡിറ്റോറിയത്തിൽ ക്ഷേമനിധി സംസ്ഥാനതല അംഗത്വ ക്യാമ്പയിനും ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻറെ സഹകരണത്തോടെ മദ്രസ അധ്യാപകർക്ക് പലിശരഹിത സ്വയംതൊഴിൽ വായ്പയും നൽകുമെന്ന് മന്ത്രി അറിയിച്ചു. തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അധ്യക്ഷത വഹിച്ചു . ക്ഷേമനിധി ചെയർമാൻ കാരാട്ട് റസാഖ് ആമുഖ ഭാഷണം നടത്തി.തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ നസീമ പി ടി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി,ഡോ.സയ്യിദ് മുത്തു കോയ തങ്ങൾ, മുജീബ് മദനി ഒട്ടുമ്മൽ, കെ.പി.എച്ച് തങ്ങൾ, ഡോ.ജലീൽ മലപ്പുറം, ഉമർ ഫൈസി മുക്കം,ഹാരിസ് ബാഫഖി തങ്ങൾ,ഹാജി പി കെ മുഹമ്മദ്, കമറുദ്ദീൻ മൗലവി, ഒ പി ഐ കോയ, പിസി സഫിയ ടീച്ചർ മുസ്തഫ തങ്ങൾ പകര സംസാരിച്ചു. സമന്വയം സ്വയംതൊഴിൽ പദ്ധതി സംബന്ധിച്ച് ആലത്തിയൂർ മൈനോറിറ്റി കോച്ചിംഗ് സെൻറർ പ്രിൻസിപ്പൽ മുനീറയും അധ്യാപകർ അറിയേണ്ട നിയമങ്ങളെ കുറിച്ച് അഡ്വ മുഹമ്മദ് ത്വയ്യിബ് ഹുദവിയും ക്ലാസെടുത്തു. പരിപാടിയിൽ വെച്ച് 180 പേർക്ക് വിവാഹ സഹായം വിതരണം ചെയ്തു. ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ക്ഷേമനിധി ചീഫ് എക്സി. ഓഫീസർ പി എം ഹമീദ് സ്വാഗതവും സ്വാഗത സംഘം കൺവീനർ അബ്ദുറഹിമാൻ മുഈനി നന്ദിയും പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *