ഇന്ത്യയിൽ മനുഷ്യക്കടത്തിൽ ഗണ്യമായി വർധനവ് ഉണ്ടായെന്നും മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും ഇന്ത്യ നടപ്പാക്കുന്നില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട്.
രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ മനുഷ്യക്കടത്ത് സംബന്ധിച്ച നിരക്ക് 89 ശതമാനമായി തുടരുമ്പോഴും കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
മനുഷ്യക്കടത്ത് കേസുകളിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടും സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും പങ്കുണ്ടെന്ന് ആരോപണമുയർന്നിട്ടും അന്വേഷണമോ കുറ്റക്കാർക്കെതിരെ നടപടിയോ എടുക്കാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും മനുഷ്യ കടത്ത് തടയുന്നതിനോ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 370ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനോ സര്‍ക്കാര്‍ താല്പര്യപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ യുഎസ് വ്യക്തമാക്കുന്നു.
പല സംസ്ഥാനങ്ങളിലും ഈ കുറ്റകൃത്യം തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ വേണ്ടത്ര രാഷ്ട്രീയ ഇടപെടല്‍ പോലുമുണ്ടാകുന്നില്ല. 2022ല്‍ 6,622 പേരാണ് ഇന്ത്യയില്‍ മനുഷ്യക്കടത്തിന് ഇരയായതായി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടാത്ത അറുനൂറിലധികം കേസുകളുമുണ്ട്. 2019ല്‍ ഇത് യഥാക്രമം 5,145ഉം 2505മായിരുന്നു.
