തിരുവനന്തപുരം കാട്ടാക്കടയിൽ ബാറിലുണ്ടായ തർക്കത്തിൽ മദ്യപാനികൾ വലിച്ചെറിഞ്ഞ ബിയർ കുപ്പി ദേഹത്തേക്ക് വീണ് അഞ്ചുവയസുകാരന് പരിക്കേറ്റു. കള്ളിക്കാട് അരുവിക്കുഴി സ്വദേശി ആദം ജോണിനാണ് പരിക്കേറ്റത്. കുട്ടിയുടെ പിതാവ് രജനീഷിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കാട്ടാക്കട എസ് ഐ യുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കാട്ടാക്കടയിലെ സ്വകാര്യ ബാറിൽ എത്തിയവർ തമ്മിൽ സംഘർഷം ഉണ്ടായത്. ബാറിന് പുറത്ത് കാറിൽ ഉണ്ടായിരുന്നവരും ബാറിനകത്ത് ഉണ്ടായിരുന്ന ഒരു വിഭാഗവുമായാണ് വാക്കുതർക്കം ഉണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയിൽ അവസാനിച്ചു. ഇതിനിടെയാണ് ബാറിൽ നിന്നിറങ്ങിയവർ കൈയിൽ ഉണ്ടായിരുന്ന ബിയർ കുപ്പി റോഡിലേക്ക് എറിഞ്ഞത്. ഇതാണ് അതുവഴി സഞ്ചരിച്ച അഞ്ചുവയസുകാരന്‍റെ നെഞ്ചിൽ പതിച്ചത്. കുപ്പി പൊട്ടി കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേറ്റു. പിതാവിനും കുപ്പിച്ചില്ലുകൾ തറച്ചു കയറി പരിക്കേറ്റിട്ടുണ്ട്.കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ശേഷം നെയ്യാറ്റിൻകര ആശുപത്രിയിലും എത്തിച്ച് കുട്ടിക്ക് വിദഗ്ധ ചികിത്സ നൽകി. കാട്ടാക്കട എസ്ഐയുടെയും സിഐയുടെയും നേതൃത്വത്തിൽ അക്രമം നടത്തിയവർക്കെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *