ലൈംഗിക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്ന് പൊലീസ്. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തെളിവ് ശേഖരിച്ചാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് കടന്നതെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേശ്വർ പ്രതികരിച്ചു. കസ്റ്റഡി അപേക്ഷ ഇന്ന് ഉച്ചയ്ക്ക് കോടതി പരിഗണിക്കും. പ്രഥമ ദൃഷ്ടിയാൽ കേസിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ തീരുമാനമായ ശേഷമേ ജാമ്യ ഹർജി പരിഗണിക്കു. കേസിനസ്പദമായ കരവാൻ കണ്ടെത്തണം. അതിനായി രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ജാമ്യഹർജിയെ എതിർ സത്യവാങ്മൂലം നൽകാൻ സമയം വേണം എന്ന് പ്രോസിക്യൂഷൻ.

തൊഴിലടത്തിൽ ഒരു സ്ത്രീക്കും ഇതുണ്ടാകരുത്. യുവതി കടന്നുപോയത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണ്. ഷൂട്ടിങ് സെറ്റിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. കരഞ്ഞുകൊണ്ട് യുവതി പുറത്തേക്ക് ഇറങ്ങി വന്നു.ഷൂട്ടിങ് സെറ്റിലുള്ളവർക്ക് ഇക്കാര്യങ്ങൾ അറിയാം. എതിർവശത്ത് നിൽക്കുന്നത് ഗുരുസ്ഥാനീയൻ ആണെന്ന് യുവതി മൊഴി നൽകി. ഇക്കാര്യം യുവതിക്ക് വലിയ വേദനയും വെല്ലുവിളിയായി തോന്നിയെന്നും കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം, രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചുവെന്ന് ഡി സി പി അശ്വതി ജിജി. രണ്ടുദിവസമായി രഞ്ജിത്ത് പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. കുറ്റം സമ്മതിച്ചിട്ടില്ല. രഞ്ജിത്തിനെ രക്ഷപ്പെടാൻ ശ്രമിച്ചവരെയും പ്രതികളാകും. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. സിനിമ സെറ്റിലുള്ളവരെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കുമെന്നും ഡിസിപി വ്യക്തമാക്കി.

എന്നാൽ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഉച്ചസ്ഥായിയിൽ എത്തി നിൽക്കെയാണ് സിനിമാ മേഖലയെ തന്നെ അമ്പരപ്പിച്ച് സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗിക അതിക്രമ കേസും അതിൽ അറസ്റ്റും. ഇടതുപക്ഷ സഹയാത്രികനായ രഞ്ജിത്തിൻ്റെ അറസ്റ്റിൽ രാഷ്ട്രീയ വിവാദങ്ങളും ഉയർന്നു കഴിഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിൽക്കുന്നവർ എന്ന് കാണിക്കാനുള്ള അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സിനിമ രംഗത്തെ മികവ് പരിഗണിച്ചാണ് രഞ്ജിത്തിനെ അക്കാദമി ചെയർമാൻ ആക്കിയതെന്നും അതിജീവിതയ്ക്ക് ഒപ്പമെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. നടപടി നല്ല രീതിയിൽ പോകട്ടെ എന്ന് മുഖ്യമന്ത്രി. കർമ്മ ആരെയും വെറുതെ വിടില്ലെന്ന് രഞ്ജിത്തിനെതിരായ ആദ്യ കേസിലെ പരാതിക്കാരിയായ ബംഗാളി നടിയുടെ പ്രതികരണം. രഞ്ജിത്തിനെ ഫെഫ്ക്കയിൽ നിന്നും മാറ്റി നിർത്താൻ തീരുമാനിച്ചെന്ന് ബി ഉണ്ണികൃഷ്ണൻ. തിരഞ്ഞെടുപ്പ് കാലത്തുണ്ടായ രഞ്ജിത്തിന്റെ അറസ്റ്റ് കൂടുതൽ ചർച്ചകളിലേക്ക് വഴിവയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *