വോട്ടെണ്ണലിന് മുന്നോടിയായി തൃക്കാക്കര നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായ അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാവുകയാണ്. തനിക്ക് തൃക്കാക്കരയിൽ എത്ര വോട്ട് ലഭിക്കുമെന്ന് കൃത്യമായി പ്രവചിക്കുന്നവർക്ക് തന്റെ വക ഒരു ഉഗ്രൻ സമ്മാനം നൽകുമെന്നായിരുന്നു അഖിലിന്റെ പ്രഖ്യാപനം. വോട്ടർമാരുടെ ചിന്തകൾ അറിയാൻ വേണ്ടി മാത്രമാണ് താൻ ഈ ചോദ്യം ചോദിക്കുന്നതെന്നും, വെറുതെ ആക്ഷേപിക്കാനായി കമന്റ് ഇടാതെ ശരിയെന്ന് തോന്നുന്ന കണക്കുകൾ രേഖപ്പെടുത്തണമെന്നും അദ്ദേഹം കുറിപ്പിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ഈ പോസ്റ്റിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നത്.
അഖിലിന്റെ പോസ്റ്റിന് താഴെ വൻ തോതിലുള്ള ട്രോളുകളും പരിഹാസ കമന്റുകളുമാണ് പ്രത്യക്ഷപ്പെടുന്നത്. വോട്ടിന്റെ എണ്ണം പ്രവചിക്കാൻ കഴിയില്ലെങ്കിലും അഖിൽ മാരാർ 100 ശതമാനം തോൽക്കുമെന്നും, പരാജയപ്പെടുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റിൽ ആദ്യമുണ്ടാകുമെന്നും നിരവധിപ്പേർ കമന്റ് ചെയ്തു. എന്നാൽ ഈ വിമർശനങ്ങൾക്കിടയിലും അഖിൽ മാരാരെ പിന്തുണയ്ക്കാനും വിജയാശംസകൾ നേരാനും ആരാധകർ മറന്നില്ല. ബിജെപിക്കും എൻഡിഎയ്ക്കും തൃക്കാക്കരയിൽ വിജയം അത്ര എളുപ്പമല്ലെങ്കിലും അഖിൽ മാരാർ എന്ന സ്ഥാനാർത്ഥിയുടെ പോരാട്ടവീര്യത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നതായും ചിലർ കമന്റുകളിൽ കുറിച്ചു.
