ആഘോഷമായി ജില്ലയില്‍ സ്‌കൂള്‍ പ്രവേശനോത്സവം

മാധ്യമം ഏതു തന്നെ ആയാലും ഏറ്റവും മികച്ച വിദ്യാഭ്യാസം കുട്ടികളിലേക്ക് എത്തുമെന്നത് ഉറപ്പുള്ള കാര്യമാണെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി സ്്കൂള്‍ പ്രവേശനോത്സവ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങള്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ഇടങ്ങളാണ്. എന്നാല്‍ അതിനൊപ്പം തന്നെ സാമൂഹികജീവികളായി ഓരോ മനുഷ്യനും രൂപപ്പെടുന്ന ഇടം കൂടിയാണത്. പുതിയ കാര്യങ്ങള്‍ പഠിക്കാനും പഠിച്ചു വെച്ച തെറ്റുകളെ മായ്ച്ചു കളയാനും സൗഹൃദങ്ങള്‍ വളര്‍ത്താനും സ്വന്തം പരിമിതികള്‍ മനസ്സിലാക്കാനും കഴിവുകള്‍ രാകി മിനുക്കാനും ഒക്കെ ഉള്ള ഇടം. പരസ്പരം കാണാതെയുള്ള ഈ പഠനരീതി വിദ്യാര്‍ത്ഥികളെ പോലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊക്കെ പുതിയതാണെന്നും പരിചിതമല്ലാത്ത സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ അനുകൂലമാക്കി മാറ്റി അതില്‍ സന്തോഷം കണ്ടെത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്താരാഷ്ട്ര തലത്തില്‍ എത്തിച്ച സര്‍ക്കാര്‍ ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസവും അങ്ങേയറ്റം മികച്ചതും കുറ്റമറ്റതുമാക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

ഓണ്‍ലൈനായാണ് ഇത്തവണ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രവേശനോത്സവത്തെ വരവേറ്റത്. കുട്ടികളുടെ പാട്ടും കഥ പറയലുംമറ്റും മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത് വെച്ച് ഓരോ സ്‌കൂളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളില്‍ ക്ലാസ് അടിസ്ഥാനത്തില്‍ അതത് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തില്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ചാണ് പ്രവേശനോത്സവം നടത്തിയത്.

ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി.മിനി, സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ ഡോ.എ.കെ.അബ്ദുല്‍ ഹക്കീം എന്നിവരും പ്രവേശനോത്സവദിന സന്ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *